ശ്രീനഗർ: കശ്മീരിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതിന് മുൻപ് ജയ്‌ശെ മുഹമ്മദ് ഭീകരനോട് മാതാവ് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ സുരക്ഷാസേനയുമായുള്ള വെടിവെപ്പിൽ ഇന്ന് കൊല്ലപ്പെട്ട അമീർ നസീർ വാനിയാണ് ദൃശ്യത്തിലുള്ളത്. മാതാവിനോട് വീഡിയോ കോളിൽ സംസാരിക്കുമ്പോൾ അമീർ എ.കെ.-47 കൈവശം വച്ചിരിക്കുന്നതും കാണാം.
അവസാന വീഡിയോ കോളിൽ, മാതാവ് അമീറിനോട് കീഴടങ്ങാൻ അഭ്യർഥിക്കുന്നുണ്ടെങ്കിലും അയാൾ വിസമ്മതിച്ചു. 'സൈന്യം മുന്നോട്ട് വരട്ടെ, അപ്പോൾ ഞാൻ നോക്കാം' എന്നാണ് അമീർ മറുപടി നൽകുന്നത്. അമീറിന് പുറമെ ജയ്‌ശെ ഭീകരരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് ഇന്നത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മൂന്നുപേരും ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ളവരാണ്.
വെടിവെപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഭീകരർ ഒളിച്ചിരുന്ന വീട്ടിൽ നിന്നാണ് അമീർ വീഡിയോ കോൾ ചെയ്തത്. മാതാവും സഹോദരിയും വീഡിയോ കോളിൽ അമീറുമായി സംസാരിച്ചു. കൊല്ലപ്പെട്ട ആസിഫിന്റെ സഹോദരിയുമായും അമീർ സംസാരിക്കുന്നുണ്ട്. അവർ തന്റെ സഹോദരനെ കുറിച്ച് അന്വേഷിച്ചപ്പോഴായിരുന്നു ഇത്.
ഭീകരതക്കെതിരായ ശക്തമായ നടപടിയുടെ ഭാഗമായി സുരക്ഷാസേന ത്രാൽ മേഖലയിൽ ഐ.ഇ.ഡി ഉപയോഗിച്ച് തകർത്തത് ആസിഫിന്റെ വീട് ആണ്. ഈ ഭീകരരെ കീഴടക്കാനായിരുന്നു സുരക്ഷാസേനയുടെ ശ്രമം. പക്ഷേ കീഴടങ്ങുന്നതിന് പകരം അവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് 'ഇന്ത്യാ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.