ഹിമാചലിലെ സഞ്ചൗലിയിൽ പള്ളിയുടെ ഭാഗം പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ ജലപീരങ്കി ഉപയോഗിച്ച് നേരിടുന്ന പൊലീസ്
ഹിമാചലിലെ പള്ളി തർക്കം: സമാധാന നീക്കവുമായി മുസ്ലിംകൾ
ഷിംല (ഹിമാചൽ പ്രദേശ്): സഞ്ചൗലിയിലെ പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുസംഘടനകളുടെ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചതോടെ സമാധാന നീക്കവുമായി മുസ്ലിംകൾ.
അനധികൃതമെന്ന് ആരോപിക്കുന്ന പള്ളിയുടെ ഭാഗം സീൽ ചെയ്യണമെന്നും കോടതി ഉത്തരവ് എതിരാണെങ്കിൽ തങ്ങൾതന്നെ ഇത് പൊളിക്കാൻ തയാറാണെന്നും വ്യക്തമാക്കി മുസ്ലിം വെൽഫെയർ കമ്മിറ്റി മുനിസിപ്പൽ കമീഷണർക്ക് കത്തുനൽകി. പള്ളി ഇമാമും വഖഫ് ബോർഡ്, മസ്ജിദ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നതാണ് മുസ്ലിം വെൽഫെയർ കമ്മിറ്റി. ഇവർ ഉൾപ്പെട്ട പ്രതിനിധി സംഘം ഷിംല മുനിസിപ്പൽ കമീഷണർ ഭൂപേന്ദ്ര അത്രിയെ കണ്ടാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയ കത്ത് കൈമാറിയത്. ഹിമാചലിൽ സ്ഥിരതാമസക്കാരായ തങ്ങൾ സമാധാനവും സാഹോദര്യവും നിലനിർത്താനാണ് ഇതിന് മുൻകൈയെടുക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങൾക്കുമേൽ സമ്മർദമില്ലെന്നും പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുകയാണെന്നും പള്ളി ഇമാം പറഞ്ഞു.
അതേസമയം, പള്ളിയുടെ അനധികൃത നിർമാണം പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആഹ്വാനംചെയ്ത ദേവ് ഭൂമി സംഘർഷ് കമ്മിറ്റി അംഗങ്ങൾ മുസ്ലിം വെൽഫെയർ കമ്മിറ്റി തീരുമാനം സ്വാഗതംചെയ്തു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വരുമ്പോൾ രജിസ്ട്രേഷൻ നടത്തണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സഞ്ചൗലി പള്ളി വിഷയത്തിൽ സമരക്കാർക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി അനുകൂല സംഘടനകൾ വ്യാഴാഴ്ച രാവിലെ പത്തുമുതൽ ഷിംലയിൽ മൂന്നുമണിക്കൂർ ബന്ദ് നടത്തി. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പ്രതിഷേധക്കാർ ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി.
ഇതിനിടെ, മണ്ഡിയിൽ ജയിൽ റോഡിലുള്ള അനധികൃത നിർമാണം നടത്തിയ പള്ളിയുടെ ഭാഗം മുസ്ലിംകൾതന്നെ പൊളിച്ചു. പള്ളിയുടെ ഈ ഭാഗം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. ഈ വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും മുനിസിപ്പൽ കോർപറേഷനും പള്ളി കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു.
പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെ ബി.ജെ.പി അപലപിച്ചു. കോൺഗ്രസ് രാഷ്ട്രീയ പ്രീണനം നിർത്തണമെന്ന് പാർട്ടി വക്താവ് സംപീത് പത്ര ഡൽഹിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.