ന്യൂഡൽഹി: രാജ്യത്തെ വലിയ ഏഴു സംസ്ഥാനങ്ങളിൽ 40 ശതമാനം മുതൽ 70 ശതമാനം വരെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ പ്രാപ്യമായിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിെൻറ റിപ്പോർട്ട്. കോവിഡിനെ തുടർന്ന് പഠനമാർഗം ഓൺലൈൻ രീതിയിലേക്ക് മാറിയതോടെ ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, അസം, ആന്ധ്രപ്രദേശ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കുട്ടികളാണ് വലിയ തോതിൽ ഡിജിറ്റൽ വിവേചനത്തിന് ഇരയായതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര സർക്കാറിെൻറ റിപ്പോർട്ട് പ്രകാരം മധ്യപ്രദേശിലാണ് കൂടുതൽ വിദ്യാർഥികൾ ഡിജിറ്റൽ വിവേചനത്തിന് ഇരയാകുന്നത്, 70 ശതമാനം. ബിഹാറിൽ 57 ശതമാനം, അസമിൽ 44.24 ശതമാനം, ഝാർഖണ്ഡിൽ 43.42 ശതമാനം, ഉത്തരാഖണ്ഡിൽ 41.17 ശതമാനം, ഗുജറാത്തിൽ 40 ശതമാനം പേരും ഡിജിറ്റൽ ഉപകരണങ്ങൾ പ്രാപ്യമല്ലാത്തവരാണ്. കേരളത്തിൽ 1.63 ശതമാനം പേർക്ക് മാത്രമാണ് ഒാൺലൈൻ ക്ലാസിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ പ്രാപ്യമല്ലാത്തത്. ഡൽഹിയിൽ നാല് ശതമാനവും തമിഴ്നാട്ടിൽ 14.51 ശതമാനം പേർക്കും ലഭ്യമല്ല. അഞ്ചു ലക്ഷം വിദ്യാർഥികൾക്ക് തമിഴ്നാട് സർക്കാർ ഓൺലൈൻ പഠനത്തിനായി ലാപ്ടോപ് നൽകിയിട്ടുണ്ട്.
ബിഹാർ സർക്കാർ ആകെ നൽകിയത് 42 ഫോണുകളാണ്. കോവിഡിനെ തുടർന്നുണ്ടായ ഓൺലൈൻ പഠനം രാജ്യത്ത് വലിയതോതിൽ ഡിജിറ്റൽ വിവേചനം സൃഷ്ടിച്ചതായി വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെൻററി സമിതി റിപ്പോർട്ട് ആഗസ്റ്റിൽ പുറത്തുവന്നിരുന്നു. 'പഠനവിടവ് നികത്തുന്നതിനുള്ള പദ്ധതികളും - സ്കൂളുകള്‍ പുനഃപ്രവര്ത്തനവും' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സര്‍ക്കാര്‍ സ്കൂളുകളിലെ 70 ശതമാനം വിദ്യാര്‍ഥികളും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ഇല്ലാത്തവരാണ്. അവര്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഉണ്ടാവുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. കോവിഡ് പ്രതിസന്ധിയില്‍ ദീര്‍ഘകാലമായി സ്കൂളുകള്‍ അടിച്ചിട്ടത് കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.