പൊള്ളയായ അവകാശവാദം! മോദി ഭരണത്തിൽ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ വർധിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്

ന്യൂഡൽഹി: മോദി ഭരണത്തിൽ ഇന്ത്യയുടെ ആഗോളതലത്തിലുള്ള പ്രതിച്ഛായ വർധിച്ചെന്ന കേന്ദ്ര സർക്കാറിന്‍റെയും ബി.ജെ.പിയുടെയും ഗോദി മീഡിയയുടെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. നിരവധി സർവേകളുടെയും അഭിപ്രായ ശേഖരണത്തിന്‍റെയും അടിസ്ഥാനത്തിൽ രണ്ടു പ്രമുഖ അക്കാദമിക് വിദഗ്ധർ തയറാക്കിയ റിപ്പോർട്ടിലാണ് ബി.ജെ.പി അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത്.

‘മോദി മരീചിക: ഇന്ത്യയുടെ ആഗോളതലത്തിലുള്ള സ്ഥാനത്തിന്‍റെയും പ്രശസ്തിയുടെയും യാഥാർഥ്യവും അബദ്ധധാരണയും’ എന്ന പേരിലുള്ള റിപ്പോർട്ട് ജോർജ്ടൗൺ സർവകലാശാലയിലെ പ്രഫ. ഇർഫാൻ നൂറുദ്ദീനും നെതർലൻഡ്സിലെ ഗ്രോനിംഗൻ സർവകലാശാല പ്രഫ. ഡോ. ഋതുംബ്ര മനുവിയും ചേർന്നാണ് തയറാക്കിയത്. ലണ്ടൻ സ്കൂൾ ഓഫ് ഓറിയന്‍റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ ഡോ. സുബിൽ സിൻഹയുടെ സഹായത്തോടെയായിരുന്നു ഇവരുടെ പഠനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർത്തിയെന്നത് ഭരണകക്ഷിയുടെ അവകാശവാദം മാത്രമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭരണാനുകൂല ദേശീയ മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുകയാണ് ചെയ്തത്. ‘ഇന്ത്യക്കാർ തങ്ങളുടെ രാജ്യത്തിന്‍റെ ആഗോള പ്രശസ്തിയിൽ വളരെയധികം ശ്രദ്ധാലുക്കളാണ്, അതിനാൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ മോദി ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ടോ, ഇല്ലയോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു’ -റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത 12 രാജ്യങ്ങളിൽ മുതിർന്നവരിൽ 37 ശതമാനത്തിനു മാത്രമേ മോദിയിൽ വിശ്വാസമുള്ളു. അതേസമയം 40 ശതമാനവും മോദിയിൽ അവിശ്വാസം രേഖപ്പെടുത്തി.

15 വർഷം കൊണ്ട് ഇന്ത്യയെ കുറിച്ച് ലോക ജനതയിൽ വന്നിരിക്കുന്ന വിശ്വാസക്കുറവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2008ലെ പ്യൂ ഗ്ലോബൽ ആറ്റിറ്റ്യൂഡ്സ് സർവേപ്രകാരം ഇന്ത്യയോട് പൊതുവെ അനുകൂലമായിരുന്നു ലോകവീക്ഷണം. യൂറോപ്യന്മാർക്കായിരുന്നു ഏറ്റവും നല്ല അഭിപ്രായം. എന്നാൽ, 15 വർഷത്തിനിപ്പുറം ആദ്യത്തെ സർവേയിൽ പങ്കെടുത്ത അഞ്ചു യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ ഇന്ത്യയെ കുറിച്ചുള്ള വീക്ഷണത്തിൽ പത്തു ശതമാനത്തിന്‍റെ ശ്രദ്ധേയമായ ഇടിവുണ്ടായി. സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ 70 ശതമാനം പേർക്കും 2008ൽ ഇന്ത്യയെക്കുറിച്ച് അനുകൂലമായ വീക്ഷണമായിരുന്നു, 2023ൽ ഇത് 39 ശതമാനത്തിലേക്ക് ചുരുങ്ങി.

യു.എസിൽ 2008ൽ 63 ശതമാനം ആളുകൾക്കും ഇന്ത്യയെക്കുറിച്ച് അനുകൂലമായ കാഴ്ചപ്പാടുണ്ടായിരുന്നെങ്കിൽ 2023ൽ അത് 51 ശതമാനത്തിലേക്ക് കുറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചതായി 23 ശതമാനം പേർ മാത്രമാണ് വിശ്വസിക്കുന്നതെന്ന് പുതിയ സർവേയിൽ പറയുന്നു. മോദി വന്നിട്ടും ഇന്ത്യയുടെ ലോക സ്വാധീനത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് 64 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെട്ടത്. 2023ലെ സർവേയിൽ പങ്കെടുത്ത 40 ശതമാനം അമേരിക്കക്കാരും മോദിയെ അറിയില്ലെന്നാണ് പറഞ്ഞത്. മോദിയെ അറിയുന്നവരിൽ 21 ശതമാനം അമേരിക്കക്കാർ മാത്രമാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

അതേസമയം, 37 ശതമാനവും ശരിയായ തീരുമാനമെടുക്കാൻ മോദിക്ക് കഴിവില്ലെന്ന അഭിപ്രായക്കാരായിരുന്നു. ലോകത്തിൽ ഇന്ത്യയുടെ നില നാടകീയമായി ഉയർത്തിയ മോദിയുടെ അവകാശവാദം മരീചികയാണെന്ന് പറഞ്ഞാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര പിന്നാക്കാവസ്ഥയും ഭരണകൂടത്തിന്‍റെ അടിച്ചമർത്തലും ആഗോളതലത്തിൽ രാജ്യത്തിന്‍റെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കാം. മനുഷ്യാവകാശങ്ങളോടും ജനാധിപത്യ മര്യാദകളോടും കൂടുതൽ ആദരവ് കാണിക്കുകയാണെങ്കിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

Tags:    
News Summary - Modi's Rule Has Not Improved India's Image Abroad: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.