ന്യൂഡൽഹി: യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിർ സെലെൻസ്കിയുമായും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായും ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ച ശേഷം രണ്ടാം തവണയാണ് സെലെൻസ്കിയും മോദിയും തമ്മിൽ ഫോൺ സംഭാഷണമുണ്ടാകുന്നത്. 35 മിനിറ്റ് നീണ്ട സംഭാഷണത്തിൽ യുക്രെയ്നിലെ സാഹചര്യങ്ങളെക്കുറിച്ചും, ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചും നേതാക്കൾ ചർച്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്ന നേരിട്ടുള്ള സംഭാഷണത്തെ മോദി പ്രശംസിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ ഇന്ത്യൻ വംശജരെ ഒഴിപ്പിക്കാൻ യുക്രെയ്ൻ സർക്കാർ നടത്തിയ ഇടപെടലുകൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. തുടർന്നും വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് സഹായം നൽകണമെന്നും മോദി അഭ്യർഥിച്ചു.
ഉച്ചക്ക് ശേഷം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായും ചർച്ച നടത്തിയ മോദി, ആക്രമണം രൂക്ഷമായ സുമിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ച് ശേഷം മൂന്നാം തവണയാണ് ഇരുവരും തമ്മിൽ സംഭാഷണം നടത്തുന്നത്. 700ഓളം വിദ്യാർഥികളാണ് ആക്രമണത്തെ തുടർന്ന് സുമിയിൽ കുടുങ്ങിക്കിടക്കുന്നത്. 50 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ വെടിനിർത്തൽ പ്രഖ്യാപനത്തെയും, സുമി ഉൾപ്പെടെ യുക്രെയ്നിന്റെ ചില ഭാഗങ്ങളിൽ മാനുഷിക ഇടനാഴികൾ സ്ഥാപിക്കുന്നതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
റഷ്യൻ അധികൃതർ തിങ്കളാഴ്ച വെടിനിർത്തൽ ആരംഭിക്കുമെന്നും തലസ്ഥാനമായ കിയവ്, ഖാർകിവ്, സുമി എന്നിവയുൾപ്പെടെ പ്രധാന യുക്രെയ്നിയൻ നഗരങ്ങളിൽ മാനുഷിക ഇടനാഴികൾ തുറക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പതിനായിരത്തിലധികം വിദ്യാർഥികളെയാണ് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ യുക്രെയ്നിൽ നിന്നും ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്. ഇതിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.