ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ പുനസംഘടനയും വിപുലീകരണവും ഉടനുണ്ടായേക്കും. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ ദേശീയ തലത്തിലും മാറ്റങ്ങളുണ്ടാകും. സർക്കാരിന്റെയും പാർട്ടി തലത്തിലെയും പുനഃക്രമീകരണം ലക്ഷ്യമിട്ട് പാർട്ടിക്കുള്ളിൽ ചർച്ചകൾ ശക്തമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2027ൽ നടക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് മന്ത്രിസഭ-പാർട്ടി തലപ്പത്തെ പുനഃസംഘടന. നിർണായ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ബി.ജെ.പിയുടെ ഇരട്ടനീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പുതിയ ബി.ജെ.പി ദേശീയ നേതൃത്വത്തെക്കുറിച്ചുള്ള കൂടിയാലോചനകൾ അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര സർക്കാരിലെ പുതിയ മന്ത്രിമാരുടെ ചുമതലകളിലെ മാറ്റങ്ങളെക്കുറിച്ച് ചർച്ചകൾ തുടരുകയാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
2014ൽ മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ആറുമാസത്തിനുശേഷം നവംബറിലാണ് മന്ത്രിസഭയിൽ ആദ്യ അഴിച്ചുപണി നടന്നത്. പിന്നീട് 2016 ജൂലൈയിലും 2017 സെപ്റ്റംബറിലും ഇത് തുടർന്നു. നിരവധി മന്ത്രിമാർക്ക് സ്ഥാനക്കയറ്റം നൽകുകയോ വകുപ്പുകൾ മാറ്റിനൽകുകയോ ചെയ്തിരുന്നു. മോദിയുടെ രണ്ടാം ടേമിൽ 2021 ജൂലൈയിൽ പ്രധാന മന്ത്രിസഭാ പുനഃസംഘടന നടന്നിരുന്നു. കൂടാതെ 2023 മേയ് മാസത്തിൽ മന്ത്രിമാരുടെ വകുപ്പുകൾ വീണ്ടും പുനഃസംഘടിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ മോദി സർക്കാരിന്റെ മൂന്നാം ടേം ഈ ജൂണിൽ രണ്ട് വർഷം പൂർത്തിയാകുന്നതോടെ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് നടക്കുമെന്നാണ് പാർട്ടി അനുയായികളുടെയും നിഗമനം.
നിലവിൽ 72 കേന്ദ്രമന്ത്രിമാരാണുള്ളത്. ഭരണഘടന അനുസരിച്ച് 81 മന്ത്രിമാരെ വരെ നിയമിക്കാം. മന്ത്രിസഭയിൽ പുതിയ ചില മന്ത്രിമാരെ ഉൾപ്പെടുത്തുകയും മറ്റു ചിലരെ ഒഴിവാക്കുകയും ചെയ്യുമെന്നാണ് വിവരം. 2027 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംഘടനാതലത്തിലും മാറ്റങ്ങളുണ്ടാകും. യുവ നേതൃത്വത്തെ സംഘടനാ തലപ്പത്തേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ നീക്കം. ജനുവരി 20നാണ് ബി.ജെ.പി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റത്. പാർട്ടിയുടെ ഘടന പുനക്രമീകരിക്കുന്നതിൽ പാർട്ടി അധ്യക്ഷന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. പുതിയ ടീമിനെക്കുറിച്ചുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. തലപ്പത്ത് പരിചയസമ്പന്നരായ വ്യക്തികളെ നിലനിർത്തുകയും ചെയ്യും. കൂടാതെ പുതിയ നേതൃത്വത്തിൽ വനിതകൾക്ക് പ്രാതിനിധ്യം കൂടുതലുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.