ഇൻസ്റ്റഗ്രാമിൽ ‘ദിമാഗി നക്സൽ പാർട്ടി’ അപ്രത്യക്ഷമായതിന് പിന്നാലെ തിരിച്ചെത്തി; രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ദിമാഗി നക്സൽ’ പ്രയോഗം നടത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ‘ദിമാഗി നക്സൽ പാർട്ടി’ എന്ന പേരിലുള്ള അക്കൗണ്ടിന് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സിനെ. 1.6 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയതിന് പിന്നാലെ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് വീണ്ടും തിരിച്ചെത്തി.

നിലവിൽ അക്കൗണ്ടിൽ 77 പോസ്റ്റുകളുണ്ട്. 38 പേരെ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്ന പോസ്റ്റുകളാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്നത്. യൂസർനെയിം ഒരിക്കൽ മാറ്റിയതായും രേഖകളിലുണ്ട്. എന്നാൽ അക്കൗണ്ട് ആരാണ് നിയന്ത്രിക്കുന്നതെന്ന വിവരം ലഭ്യമല്ല. കൂടാതെ, അക്കൗണ്ട് നേരത്തേ സ്വമേധയാ നീക്കം ചെയ്തതാണോ പ്ലാറ്റ്ഫോം നടപടി സ്വീകരിച്ചതാണോ എന്ന കാര്യവും വ്യക്തമല്ല.

ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ‘ദിമാഗി നക്സൽ’ പ്രയോഗം നടത്തിയത്. വനങ്ങളിലെ സായുധ നക്സലിസത്തെ നേരിടുന്നതിൽ രാജ്യം വിജയിച്ചെങ്കിലും ആശയപരമായി നക്സൽ ചിന്താഗതിയുള്ളവർ ഇപ്പോഴും ഇവിടെയുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ‘ദിമാഗി നക്സൽ’ എന്ന പ്രയോഗത്തെ രാഷ്ട്രീയ തിരിച്ചറിയലായി അവതരിപ്പിക്കുന്ന രീതിയിലാണ് അക്കൗണ്ടിന്റെ പ്രവർത്തനം. അതേസമയം, ‘ദിമാഗി നക്സൽ’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പ്രതിപക്ഷ നേതാക്കളെയല്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരിച്ചിരുന്നു. മാവോയിസ്റ്റുകളെ പിന്തുണക്കുന്നവരെയും ഭരണഘടനയെ നിരാകരിക്കുന്നവരെയും വിഘടനവാദത്തെ പിന്തുണക്കുന്നവരെയുമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു കിരൺ റിജിജുവിന്റെ വിശദീകരണം.

മോദിയുടെ പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം താൻ ‘ദിമാഗി നക്സൽ’ ആണെന്ന് അഭിമാനത്തോടെ പറയുന്നുവെന്ന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ‘ദിമാഗി നക്സൽ പാർട്ടി’ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ട് ശ്രദ്ധ നേടിയത്.

‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) രൂപപ്പെട്ട അതേ മാതൃക പിന്തുടർന്നാണ് ദിമാഗി നക്സൽ പാർട്ടിയുടെയും രൂപീകരണം. മേയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമായിരുന്നു രാജ്യത്തെ യുവജന മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകിയ കോക്രോച്ച് ജനതാ പാർട്ടിക്ക് വഴിയൊരുക്കിയത്. രാജ്യത്തെ ചെറുപ്പക്കാരെ പാറ്റകളോട് ഉപമിച്ച അദ്ദേഹത്തിന്റെ പ്രസ്താവന വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. യുവാക്കൾ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ആർ.ടി.ഐ പ്രവർത്തകരുമായി മാറി നിലവിലുള്ള വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും, അവർ സമൂഹത്തിലെ പാറ്റകളെയും പരാന്നഭോജികളെയും പോലെയാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തിൽ സി.ജെ.പി ആരംഭിക്കുന്നതും അത് വലിയൊരു യുവജന പ്രസ്ഥാനമായി മാറുന്നതും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് വരെ വഴിതെളിച്ചത് സി.ജെ.പിയുടെ ശക്തമായ പ്രതിഷേധങ്ങളായിരുന്നു. ആ സി.ജെ.പി മാതൃക പിന്തുടർന്നാണ് 'ദിമാഗി നക്‌സൽ പാർട്ടി'യുടെ രൂപീകരണവും.

Tags:    
News Summary - Dimagi Naxal Party Instagram Page Hits 2 Lakh Followers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.