കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാൻ നീക്കം

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ന്യൂനപക്ഷ വകുപ്പിനെ സാമൂഹികനീതി-ശാക്തീകരണ വകുപ്പിന് കീഴിലേക്ക് ലയിപ്പിക്കാനാണ് നീക്കം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി 2006ൽ യു.പി.എ ഭരണകാലത്ത് ആരംഭിച്ച വകുപ്പാണ് മോദി സർക്കാറിന് കീഴിൽ നിർത്തലാക്കാനുള്ള നീക്കം നടക്കുന്നത്.

ന്യൂനപക്ഷ ക്ഷേമത്തിനായി മാത്രം പ്രത്യേകമൊരു മന്ത്രാലയത്തിന്‍റെ ആവശ്യകതയില്ലെന്നാണ് കേന്ദ്ര സർക്കാറിന്‍റെ കാഴ്ചപ്പാട്. യു.പി.എ സർക്കാറിന്‍റെ പ്രീണന നയത്തിന്‍റെ ഭാഗമായാണ് ന്യൂനപക്ഷ വകുപ്പ് കൊണ്ടുവന്നതെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ന്യൂനപക്ഷ മന്ത്രാലയത്തെ സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ ഒരു വകുപ്പ് മാത്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധമുയർത്തി രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ന്യൂനപക്ഷ മന്ത്രാലയത്തെ ഇല്ലാതാക്കുന്നതെന്ന് രാജ്യസഭയിലെ കോൺഗ്രസ് എം.പി സയ്യിദ് നസീർ ഹുസൈൻ ആരോപിച്ചു. 'ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായുള്ള പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും വേണ്ടിയാണ് പ്രത്യേക മന്ത്രാലയം യു.പി.എ സർക്കാർ ആവിഷ്കരിച്ചത്. എന്നാൽ, രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി സർക്കാർ ഈ വകുപ്പിനെ ഇല്ലാതാക്കാൻ ശ്രമം നടത്തുന്നത്' -അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന വിഭാഗങ്ങൾക്കായി പ്രത്യേകം ശ്രദ്ധ നൽകി പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ആവിഷ്കരിച്ച് നടപ്പാക്കുകയായിരുന്നു യു.പി.എ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. തുടർന്ന്, സാമൂഹികനീതി മന്ത്രാലയത്തിൽ നിന്ന് ന്യൂനപക്ഷ വകുപ്പിനെ വേർതിരിച്ച് പ്രത്യേകം മന്ത്രാലയത്തിന് രൂപം നൽകുകയായിരുന്നു.

ഭരണഘടനയുടെ അന്ത:സത്തക്ക് വിരുദ്ധമാണ് ന്യൂനപക്ഷ മന്ത്രാലയത്തെ ഇല്ലാതാക്കാനുള്ള നീക്കമെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി സയ്യിദ് തൻവീർ അഹമ്മദ് പറഞ്ഞു. ഇത് രാജ്യത്തിന്‍റെ മാനവവികസന സൂചികയെ തന്നെ ബാധിക്കും. കൂടുതൽ പദ്ധതികളും ആനുകൂല്യങ്ങളും അനുവദിച്ച് ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന മുഖ്താർ അബ്ബാസ് നഖ്്വി കഴിഞ്ഞ ജൂലൈയിൽ രാജ്യസഭ കാലാവധി പൂർത്തിയാക്കി രാജിവെച്ചതിന് ശേഷം വകുപ്പിന് പുതിയ മന്ത്രിയെ നിയോഗിച്ചിരുന്നില്ല. പകരം, ശിശുവികസന വനിതാ ക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ചുമതല കൂടി നൽകുകയായിരുന്നു. മുഖ്താർ അബ്ബാസ് നഖ്്വി മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിരിക്കുകയാണ്.

Tags:    
News Summary - Modi govt likely to 'scrap' minority affairs ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.