മൊബൈല്‍ ടവര്‍ റേഡിയേഷന്‍ അറിയാന്‍ പോര്‍ട്ടല്‍ വരുന്നു

ജയ്പുര്‍: മൊബൈല്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ നിലവാരം അറിയാന്‍ സഹായിക്കുന്ന പോര്‍ട്ടല്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ സഹമന്ത്രി മനോജ് സിന്‍ഹ. ‘തരംഗ്’ എന്ന് പേരിട്ടിരിക്കുന്ന പോര്‍ട്ടലില്‍ രാജ്യത്തെ മുഴുവന്‍ മൊബൈല്‍ ടവറുകളുടെയും ട്രാന്‍സ്മിറ്ററുകളുടെയും വിവരങ്ങളുണ്ടാകും.

ഓരോ ടവറില്‍നിന്നും പ്രസരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ (റേഡിയേഷന്‍) അളവ് പോര്‍ട്ടല്‍ വഴി അറിയാന്‍ കഴിയും. എന്നാല്‍, 5000 രൂപ ഫീസടച്ച് അപേക്ഷിക്കുന്നവരെ മാത്രമേ സര്‍ക്കാര്‍ പരിശോധന നടത്തി റേഡിയേഷന്‍ നിലവാരം അറിയിക്കൂവെന്ന് ടെലികോം സെക്രട്ടറി ജെ.എസ്. ദീപക് പറഞ്ഞു.

മൊബൈല്‍ ടവര്‍ റേഡിയേഷന്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി തെറ്റിദ്ധാരണയുണ്ടെന്ന് മന്ത്രി പറഞ്ഞു. ശരിയായ ബോധവത്കരണത്തിലൂടെ അത് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണും ബ്രോഡ്ബാന്‍ഡും ഒഴിവാക്കാനാകാത്ത കാര്യങ്ങളായിക്കഴിഞ്ഞു. അതിന്‍െറ വ്യാപനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കാതെ കറന്‍സിരഹിത സമൂഹമായി മാറാനും നമുക്ക് കഴിയില്ല.

ലോകാരോഗ്യ സംഘടനയും നിരവധി രാജ്യങ്ങളും റേഡിയേഷന്‍ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കിലും ഒന്നിനും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ആധികാരികമായി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് മന്ത്രി അവകാശപ്പെട്ടു. കൂടുതല്‍ മൊബൈല്‍ ടവറുകള്‍ രാജ്യത്ത് ആവശ്യമാണ്. കമ്പനികള്‍ക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മുകളില്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അതത് സംസ്ഥാന സര്‍ക്കാറുകള്‍ ഇതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - mobile tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.