ഇംഫാൽ: സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അഞ്ചുദിവസത്തേക്ക് മൊബൈൽ ഡാറ്റാ സർവീസുകൾ നിർത്തിവെക്കാൻ ഉത്തരവിട്ട് സ്പെഷ്യൽ സെക്രട്ടറി എച്ച്. ഗയാൻ പ്രകാശ്. വിദ്വേഷം നിറഞ്ഞ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് വർഗീയ സംഘർഷത്തിലേക്ക് നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം ഫൗഗക്‌ചാവോ ഇഖാങ്ങിൽ പ്രതിഷേധക്കാർ വാഹനം കത്തിച്ചുവെന്ന ബിഷ്ണുപൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഡാറ്റാ സർവീസുകൾ നിർത്തിവെക്കാനുള്ള തീരുമാനം. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രണ്ട്മാസത്തേക്ക് സി.ആർ.പി.സിയുടെ 144 വകുപ്പ് പ്രകാരം ബിഷ്ണുപൂർ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാഞ്ജ ഏർപ്പെടുത്തി.
കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ മണിപ്പൂർ 'ഓട്ടണോമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ ബിൽ 2021' നിയമസഭയിൽ പാസാക്കണമെന്ന് ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എ.ടി.എസ്.യു.എം) ആവശ്യപ്പെട്ടിരുന്നു. ഇതിനുപകരമായി ബിരേൻ സിങിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ മണിപ്പൂർ ഡിസ്ട്രിക്ട് 6,7 ഭേദഗതി ബില്ലുകളാണ് നിയമസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് എ.ടി.എസ്.യു.എംന്‍റെ നേതൃത്വത്തിൽ മലയോര ജില്ലകളിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു.
തുടർന്ന് പൊലീസ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ നടന്ന പ്രക്ഷോഭത്തിൽ 30 വിദ്യാർഥികൾക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.