തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ന്യൂനപക്ഷ ബി.ജെ.പി സർക്കാറിന് അധികകാലം ഭരിക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടിലെ കൃഷ്ണനഗരിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഒരു ദിവസം തമിഴ്നാടിനെ പിന്തുണക്കുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും സ്റ്റാലിൻ പ്രത്യാശിച്ചു. സാമ്പത്തിക ഫണ്ട് അനുവദിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാറുമായി ഇടഞ്ഞു നിൽക്കുകയാണ് സ്റ്റാലിൻ. മോദി സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും സ്റ്റാലിൻ ആരോപിച്ചു.
543 അംഗ ലോക്സഭയിൽ 240 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. തനിച്ച് ഭൂരിപക്ഷം നേടാൻ കഴിയാതെ വന്നപ്പോൾ ജനതാദൾ(യുനൈറ്റഡ്), തെലുഗു ദേശം പാർട്ടി എന്നീ സഖ്യകക്ഷികളുടെ സഹായത്തോടെ സർക്കാറുണ്ടാക്കുകയായിരുന്നു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് സ്റ്റാലിൻ ചെന്നൈയിൽ എത്തിയത്. ഗുണഭോക്താക്കൾക്ക് ക്ഷേമ സഹായം വിതരണം ചെയ്യുകയും ചെന്നൈയിലെ തന്റെ സർക്കാറിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു.
''ഞങ്ങളുടെ മന്ത്രിമാരായ തങ്കം തെന്നരസു, ഗോവി ചെഴിയാൻ, എസ്.എസ്. ശിവശങ്കർ എന്നിവർ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ കൃത്യമായി വിവരിച്ചിട്ടുണ്ട്. 505 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡി.എം.കെ ജനങ്ങൾക്ക് മുന്നിൽ വെച്ചിരുന്നത്. അതിൽ 364 എണ്ണവും യാഥാർഥ്യമാക്കി. 40 എണ്ണം സർക്കാർ ഉടൻ നടപ്പാക്കും. 37 പദ്ധതികൾ കേന്ദ്രസർക്കാറിന്റെ പരിഗണനയിലാണ്. 64 പദ്ധതികൾ ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് മാറ്റിവെച്ചിരിക്കുന്നത്''-സ്റ്റാലിൻ പറഞ്ഞു.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുമെന്ന പ്രഖ്യാപനം പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. അതിനായി ഡി.എം.കെ നിയമയുദ്ധം തുടരുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിനിടെ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകിയിരുന്നു. എന്നാൽ സഖ്യകക്ഷികളുടെ സഹായത്തോടെ ബി.ജെ.പി അധികാരം നിലനിർത്തുകയായിരുന്നു. എന്നാൽ ആ ന്യൂനപക്ഷ സർക്കാറിന് അധികകാലം മുന്നോട്ടു പോകാനാകില്ല. ഒരു ദിവസം തമിഴ്നാടിനെ പിന്തുണക്കുന്ന ഒരു സർക്കാർ കേന്ദ്രം ഭരിക്കും.-സ്റ്റാലിൻ വ്യക്തമാക്കി.
ജനങ്ങളുടെ സഹായത്തോടെയാണ് ഡി.എം.കെയുടെ വളർച്ചയെന്നും ഈ വസ്തുത സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകടന പത്രികയിൽ ഇല്ലാതിരുന്ന മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി, നാൻ മുതൽവൻ, പുധുമൈ പെൺ തിട്ടം, മക്കളായ് തേടി മരുതുവം, തമിഴ് പുതൽവൻ എന്നീ പദ്ധതികളും സംസ്ഥാനത്ത് ഡി.എം.കെ സർക്കാർ നടപ്പാക്കി. ഡി.എം.കെയുടെ വിവിധ പദ്ധതികളെ കുറിച്ച് വടക്കേ ഇന്ത്യയിലെ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. എന്നാൽ തത്വങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഇല്ലാത്ത ഒരു സംഘം ഭരണകക്ഷിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയും ചെയ്യുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. തമിഴക വെട്രി കഴകം പാർട്ടി നേതാവും നടനുമായ വിജയ് കഴിഞ്ഞ ദിവസം നടത്തിയ റാലിക്കിടെ ഡി.എം.കെ സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.