തക്കാളി വില വീട്ടിൽ ചർച്ചയാകാറുണ്ടോയെന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ച് സ്മൃതി ഇറാനി: ‘വീട് എന്റെ പേഴ്സനൽ ഇടം, അത്​ ചോദിക്കരുത്’

ന്യൂഡൽഹി: കുതിച്ചുയരുന്ന തക്കാളി വിലയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി. ആജ് തക് അവതാരകൻ സുധീർ ചൗധരി മന്ത്രിയുമായി നടത്തിയ തത്സമയ അഭിമുഖത്തിനിടെയാണ് സംഭവം. തക്കാളി വില കുത്തനെ ഉയരുന്നത് താങ്കളുടെ വീട്ടിൽ ചർച്ച ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിക്ക് നിയന്ത്രണംവിട്ടത്.

ആജ് തക് ‘ജി 20 ഉച്ചകോടി’ ലൈവിനിടെ “തക്കാളി കിലോയ്ക്ക് 250-300 രൂപ ആയതിനെക്കുറിച്ച് താങ്കളുടെ വീട്ടിൽ ചർച്ച നടന്നിരുന്നോ?’ എന്നായിരുന്നു വനിതാ-ശിശു വികസന, ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് സുധീർ ചൗധരി ചോദിച്ചത്. ഇതോടെ മന്ത്രി അവതാരകനോട് രൂക്ഷമായ വാക്കേറ്റം നടത്തി. ‘താങ്കൾ പ്രശ്നത്തെ നിസ്സാരമാക്കുകയാണ്. എന്റെ വീട് എന്നത് എന്റെ പേഴ്സനൽ സ്​പേസാണ്. അവിടെ എന്ത് നടക്കുന്നു എന്ന് ചോദിക്കേണ്ട. നയപരമായ കാര്യത്തെ കുറിച്ച് ചോദിക്കാം. അ​ല്ലെങ്കിൽ നിങ്ങൾ ജയിലിൽ ആയിരുന്നപ്പോൾ എന്തായിരുന്നു അവസ്ഥ എന്ന് എനിക്ക് നിങ്ങളോട് ചോദിക്കാം’ സ്മൃതി ഇറാനി പറഞ്ഞു.

വ്യവസായി നവീൻ ജിൻഡാലിൽ നിന്ന് പണം തട്ടിയതിന് 2012-ൽ സീ ന്യൂസിന്റെ എഡിറ്ററായിരുന്ന ചൗധരിയും സീ ബിസിനസ് എഡിറ്റർ സമീർ അലുവാലിയയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ സംഭവത്തെക്കുറിച്ചാണ് ഇറാനി പരാമർശിച്ചത്. മന്ത്രി വിഷയത്തെ വളച്ചൊടിക്കുകയാണെന്ന് സുധീർ ചൗധരി പറഞ്ഞു.

ചർച്ചക്കൊടുവിൽ, ചൗധരിയെക്കുറിച്ച് വ്യക്തിപരമായ പരാമർശം നടത്തിയതിന് ഇറാനി ക്ഷമാപണം നടത്തി. ചൗധരിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമരംഗത്താണ് താൻ തന്റെ കരിയർ ആരംഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ‘നിങ്ങൾ വ്യക്തിപരമായി ആക്രമിക്കുമ്പോൾ അതേരീതിയിൽ തിരിച്ചും നടക്കും. അതിന് സ്വയം തയ്യാറാകണമെന്ന് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു അവതാരകന്റെ മറുപടി. താൻ തയ്യാറാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.

Tags:    
News Summary - Minister Smriti Irani to anchor Sudhir Chaudhary on TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.