ന്യൂഡൽഹി: നഴ്സുമാരടക്കം കേരളത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കുന്നതിനെതിരെ കേരളത്തിലെ ആയിരത്തോളം സ്വകാര്യ ആശുപത്രികളുടെ പേരിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. മിനിമം വേതനം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ ലേബർ കമീഷണറുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് സ്വകാര്യ ആശുപത്രി ഉടമകൾ നേരിട്ട് ആേക്ഷപമുന്നയിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എ.കെ. അഗർവാൾ, അഭയ് മനോഹർ സപ്രെ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.
ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റിവ്, മാനേജീരിയൽ ചുമതലയുള്ളവർ ഉടമകളുടെ പ്രതിനിധിയായിട്ടാണ് കമ്മിറ്റിയിൽ വന്നതെന്ന് കോടതി പറഞ്ഞു. അങ്ങനെയല്ലെങ്കിൽ ബന്ധപ്പെട്ട ആശുപത്രി ഉടമയാണ് അക്കാര്യം പറയേണ്ടത്. എന്നാൽ, അവർ ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ല. ആ ഉടമകൾക്കുവേണ്ടി അസോസിയേഷൻ വന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ലേബർ കമീഷണറുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റി നിയമവിരുദ്ധമായതിനാൽ ആ കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വേതനം നിർണയിച്ചത് റദ്ദാക്കണമെന്നായിരുന്നു ആശുപത്രി ഉടമകളുടെ ആവശ്യം. 1948ലെ മിനിമം വേതന നിയമ പ്രകാരം വേതനം നിശ്ചയിക്കാൻ ഉണ്ടാക്കുന്ന 27 അംഗ കമ്മിറ്റിയിൽ 13 പേർ തൊഴിലാളികളും 13 തൊഴിലുടമകളുമാണ് വേണ്ടത്. എന്നാൽ, ഇപ്പോൾ ഉണ്ടാക്കിയ കമ്മിറ്റിയിൽ 13 തൊഴിലുടമകൾക്കു പകരം ആറ് തൊഴിലുടമാ പ്രതിനിധികളേ ഉള്ളൂവെന്നും ബാക്കി ഏഴു പേർ വിവിധ സ്വകാര്യ ആശുപത്രിയിലെ തൊഴിലാളികളായിരുന്നുവെന്നും ഹരജിക്കാർ വാദിച്ചു.
എന്നാൽ, സ്വകാര്യ ആശുപത്രികൾ കമ്പനിയോ സൊസൈറ്റിയോ, ട്രസ്റ്റോ നടത്തുന്നതാകാമെന്നും അതിെൻറ ഒാഹരി ഉടമകളാരാണെന്നോ കമ്മിറ്റി ആരാണെന്നോ തെരയാനാവില്ലെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. അതിനാൽ, ഉടമകളെ പ്രതിനിധാനംചെയ്യാൻ ആശുപത്രികളിലെ ഉന്നത ജീവനക്കാരെ വിളിച്ചതിൽ തെറ്റില്ല. അതേക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കും വരെ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സർക്കാർ വാദിച്ചു.
സർക്കാറിെൻറ ഇൗ വാദം അംഗീകരിച്ചാണ് സ്വകാര്യ ആശുപത്രികൾ ഇതുവരെ ആക്ഷേപമുന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചത്. കേസിൽ സംസ്ഥാന സർക്കാറിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി, ആശുപത്രി ഉടമകൾക്കുവേണ്ടി അഡ്വ. സുൽഫീക്കർ അലി, നഴ്സിങ് അസോസിയേഷനുവേണ്ടി അഡ്വ. സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.