ചെന്നൈ: നഗരപരിധിയിൽ പിറ്റ്ബുൾ, റോട്ട്‌വീലർ ഇനത്തിൽപെട്ട നായ്ക്കളെ വളർത്തുന്നതിനും പുതിയ ലൈസൻസ് നൽകുന്നതിനും ചെന്നൈ കോർപറേഷൻ കർശന നിരോധനം ഏർപ്പെടുത്തി. ഡിസംബർ 20 മുതലാകും നിരോധനം പ്രാബല്യത്തിൽവരുക. ഇനി മുതൽ ഈ ഇനങ്ങളുടെ പുതിയ പെറ്റ് ലൈസൻസിനുള്ള അപേക്ഷകൾ അംഗീകരിക്കില്ലെന്നും വാർഷിക ലൈസൻസ് പുതുക്കൽ നിർത്തലാക്കുമെന്നും കോർപറേഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സമീപകാലത്ത് ഈ ഇനം നായ്ക്കൾ കടിച്ച് പൊതുജനങ്ങൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതാണ് നടപടിക്ക് കാരണമായത്. നിശ്ചിത തീയതിക്ക് ശേഷം ലൈസൻസില്ലാതെ ഈ ഇനത്തിൽപെട്ട നായ്ക്കളെ വാങ്ങുകയോ വളർത്തുകയോ പ്രജനനം നടത്തുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നും കോർപറേഷൻ വ്യക്തമാക്കി.
നിലവിൽ ലൈസൻസുള്ള നായ്ക്കളെ വീടിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ വായ മൂടിക്കെട്ടണമെന്നും കട്ടിയുള്ള തുടലുണ്ടായിരിക്കണമെന്നും ചെന്നൈ കോർപറേഷൻ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവരിൽനിന്ന് 5,000 രൂപ പിഴ ഈടാക്കും.
സമീപ മാസങ്ങളിൽ പിറ്റ്ബുൾ, റോട്ട്‌വീലർ നായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കോർപറേഷന്റെ ഈ കടുത്ത നടപടി. കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയിൽ ഏഴുവയസ്സുകാരിക്ക് പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. മറ്റൊരു സംഭവത്തിൽ അയൽവാസിയുടെ പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ 55കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.