അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള സംഭാഷണമെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ‘ഡീപ് ഫേക്ക്’ വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കംചെയ്യാൻ അഹമ്മദാബാദ് സിവിൽ കോടതി ഉത്തരവിട്ടു. കോൺഗ്രസ് പാർട്ടിക്കും നാല് മുതിർന്ന നേതാക്കൾക്കുമെതിരെയാണ് കോടതിയുടെ ഈ അടിയന്തര നടപടി.
അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ സിവിൽ അപകീർത്തിക്കേസ് പരിഗണിച്ച അഡീഷനൽ സിവിൽ ജഡ്ജി ശ്രീകാന്ത് ശർമയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ്, പവൻ ഖേര, ഉദയ് ഭാനു ചിബ് എന്നിവരോടാണ് വിഡിയോ ഉടനടി നീക്കം ചെയ്യാൻ കോടതി നിർദേശിച്ചത്. ഉത്തരവ് വന്ന് 48 മണിക്കൂറിനുള്ളിൽ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിഡിയോ നീക്കംചെയ്യണമെന്നാണ് കോടതിയുടെ നിർദേശം. കോൺഗ്രസ് ഇത് പാലിക്കുന്നില്ലെങ്കിൽ എക്സ്, ഗൂഗിൾ കമ്പനികൾ 72 മണിക്കൂറിനുള്ളിൽ വിഡിയോ നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.
ഡിസംബർ 17ന് കോൺഗ്രസിന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ‘മോദി-അദാനി ഭായ് ഭായ്, ദേശ് ബേച്ച്കർ ഖായ് മലായ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ. ഇത് തികച്ചും വ്യാജവും തെറ്റിദ്ധാരണജനകവുമാണെന്നും അദാനി ഗ്രൂപ്പിന്റെ സൽപേരിന് കളങ്കമുണ്ടാക്കാനാണ് ഇത് നിർമിച്ചതെന്നും അദാനി എന്റർപ്രൈസസ് കോടതിയിൽ വാദിച്ചു. കേസ് ഡിസംബർ 29ന് വീണ്ടും പരിഗണിക്കും. അന്ന് ഹാജരാകാൻ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.