ന്യൂഡല്‍ഹി: രാജ്യം നാലാംഘട്ട ലോക്ഡൗണിലേക്ക് കടന്നതിനിടെ കാല്‍നടയായും ചരക്കു ലോറികളിലൂടെയും കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരുന്നതിനിെട കിട്ടുന്ന വാഹനങ്ങളിൽ നാടണയാൻ ബിഹാറില്‍നിന്നും യു.പിയില്നിന്നുമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ഡല്‍ഹിയുടെ അതിര്‍ത്തിയിലെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലേക്കുള്ള മൂന്നു ശ്രമിക് ട്രെയിനുകൾ ബുക്ക് ചെയ്യുന്നതിനെത്തിയ കുടിയേറ്റ തൊഴിലാളികളാൽ ഗാസിയാബാദിലെ രാംലീല ഗ്രൗണ്ട് നിറഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ അതിര്‍ത്തികടക്കാന്‍ അനുവദിക്കാതെ പൊലീസ് തടയുന്നുണ്ട്. പഞ്ചാബില്‍നിന്നും ഉത്തര്‍പ്രദേശിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ ഹരിയാനയിൽ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. യമുനാ നദി കടന്ന് ഉത്തര്‍പ്രദേശിലെ ശാംലി, സഹാറന്‍പുര്‍ ജില്ലകളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങും മുമ്പ് രജിസ്റ്റര്‍ ചെയ്യണം എന്ന നിര്‍ദേശം ഇവര്‍ പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
അഹ്മദാബാദിൽ തൊഴിലാളികൾ അക്രമാസക്തരായി
ലോക്ഡൗണിൽപെട്ട് നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികൾ പൊലീസിനും പൊതുജനത്തിനും നേരെ കല്ലെറിഞ്ഞു. അഹ്മദാബാദ് ഐ.ഐ.എമ്മുമായി ബന്ധിപ്പിക്കുന്ന റോഡിൽ വസ്ത്രപുർ മേഖലയിലാണ് നൂറോളം തൊഴിലാളികൾ പ്രതിഷേധിച്ചത്. രാവിലെ പൊടുന്നനെ റോഡിലിറങ്ങിയ െതാഴിലാളികൾ പൊലീസിനുനേരെ കല്ലേറ് തുടങ്ങുകയായിരുന്നെന്ന് സിറ്റി പൊലീസ് കൺേട്രാൾ റൂമിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹരിയാനയിലെ യമുന നഗറിൽനിന്ന് 500ലേറെ തൊഴിലാളികളുമായി വരുകയായിരുന്ന ആറു ട്രക്കുകൾ യു.പിയിലെ മുസഫർനഗറിൽ പിടികൂടി. മഹാരാഷ്ട്രയിൽനിന്ന് 95 തൊഴിലാളികളുമായി വന്ന രണ്ടു ട്രക്കുകൾ ഉത്തരാഖണ്ഡിലെ ഋഷികേശിൽ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.