മുംബൈയിൽനിന്ന് യു.പിയിലേക്ക് ട്രക്കിൽ യാത്ര; മൂന്ന് ദിവസം വെള്ളം മാത്രം കുടിച്ച് കുടുംബം
മുംബൈ: ഉത്തർപ്രദേശിലെ ജുവാൻപൂരിലേക്ക് മുംബൈയിൽ നിന്ന് യാത്ര തിരിച്ച ഒന്നര വയസുകാരി ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന കുടുംബം മൂന്ന് ദിവസം ചെലവഴിച്ചത് വെള്ളം മാത്രം കുടിച്ച്. ആശിഷ് വിശ്വകർമക്കും ഭാര്യക്കും കുഞ്ഞിനുമാണ് ലോക്ഡൗണിനിടയിലെ യാത്ര ദുരിതപൂർണമായത്.
വിദ്യാവിഹാറിൽ ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ആശിഷ് വിശ്വകർമ കുടുംബത്തോടൊത്ത് നല്ലസോപരയിലായിരുന്നു താമസം. മാർച്ച് 22ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതായി. മറ്റ് തൊഴിലാളികളൊക്കെ അവരവരുടെ നാടുകളിലേക്ക് മടങ്ങിത്തുടങ്ങിയതോടെ ആശിഷും മടങ്ങാൻ തീരുമാനിച്ചു.
ഉത്തർപ്രദേശിലേക്ക് പോകുന്ന ഒരു ട്രക്കിൽ 6000രൂപ നൽകി കുടുംബത്തിന് ഇരിപ്പിടമുറപ്പിച്ചു. മറ്റ് 35 പേർ കൂടി ഉണ്ടാകുമെന്നായിരുന്നു പറഞ്ഞതെങ്കിലും ഒടുവിലത് 50 പേരിലെത്തി. പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അഭ്യൂഹം പരന്നതോടെ മെയ് 10ന് രാത്രി യാത്ര തിരിക്കുമെന്ന് പറഞ്ഞ ട്രക്ക് വൈകുന്നേരം തന്നെ യാത്ര പുറപ്പെടുകയായിരുന്നു.
ഇതിനിടെ ഭക്ഷണം തയാറാക്കി കൈയിൽ കരുതാൻ ആശിഷ് വിശ്വകർമക്ക് സാധിച്ചില്ല. പോകുന്ന വഴിക്കുള്ള ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. യാത്രയിൽ വെള്ളം കുടിച്ചാണ് ഇവർ വിശപ്പും ദാഹവും അകറ്റിയത്.
‘‘ഒന്നര വയസുള്ള കുഞ്ഞിന് കലക്കി കൊടുക്കാൻ പാൽപൊടി കൈയിലുണ്ടായിരുന്നു. അതിനും ശുദ്ധ ജലം ആവശ്യമായിരുന്നു. ചൂട് സഹിക്കാനാവാതെ യാത്രയിലുടനീളം കുഞ്ഞ് വല്ലാതെ കരഞ്ഞു.’’ - ആശിഷ് വിശ്വകർമ പറഞ്ഞു. മെയ് 14നാണ് ആശിഷും കുടുംബവും ജുവാൻപൂരിലെത്തിയത്.
മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന തെൻറ രണ്ടര വയസുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് അകലം പാലിച്ച് വീടിനോടടുത്തുള്ള പാടത്താണ് വിശ്വകർമ കഴിയുന്നത്. നേരത്തേ വാങ്ങിവെച്ച ഭക്ഷണം കൊണ്ടാണ് കുടുംബം കഴിയുന്നത്.
‘‘ഞങ്ങൾ പച്ചക്കറികൾ വാങ്ങിയിരുന്നില്ല. ഞങ്ങൾക്ക് ഈ ഗ്രാമത്തിൽ കൃഷിസ്ഥലമൊന്നുമില്ല. സാധാരണ നിലയിൽ ട്രെയിൻ ഓടിത്തുടങ്ങിയാൽ മുംബൈയിലേക്ക് തന്നെ തിരിച്ചുപോകാമെന്നാണ് പ്രതീക്ഷ.’’ -ആശിഷ് പറഞ്ഞു. അന്തർ സംസ്ഥാന തൊഴിലാളികളേയും കൊണ്ട് രണ്ട് മുതൽ നാല് ട്രക്ക് വരെ എല്ലാ ദിവസവും ജുവാൻപൂരിലെത്തുന്നത് കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.