ഭാര്യയും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു: ദയാവധത്തിന് അനുമതി തേടി മധ്യവയസ്കൻ

സൂറത്ത്: ഭാര്യയുടെയും കുടുംബത്തിന്റെയും നിരന്തരമായ പീഡനത്തിലും കള്ളക്കേസുകളിലും മനംനൊന്ത് ദയാവധത്തിന് അനുമതി തേടി മധ്യവയസ്കൻ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ ബാബുഭായ് പട്ടേലാണ് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി ജില്ല കലക്ടർക്ക് നിവേദനം നൽകിയത്. താൻ നൽകിയ പരാതികളിൽ മൂന്ന് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകി.

ഭാര്യ മോനിക ചൗഹാൻ, ഭാര്യാമാതാവ് താരാ ബെൻ, ഭാര്യാസഹോദരൻ ദീപക് ചൗഹാൻ എന്നിവർ ചേർന്ന് തന്നെ കള്ളക്കേസുകളിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നാണ് ബാബുഭായ് പട്ടേലിന്റെ പരാതി. താൻ പുരുഷനായതിനാലാണ് പൊലീസ് പരാതികളിൽ നടപടിയെടുക്കാത്തതെന്നും ഇയാൾ ആരോപിക്കുന്നു. തന്റെ ആദ്യവിവാഹത്തിലെ 12 വയസ്സുള്ള മകനെ നിലവിലെ ഭാര്യ മോനിക ശ്വാസം മുട്ടിച്ചും വായയിൽ റൊട്ടി തിരുകിയും കൊലപ്പെടുത്താൻ ശ്രമിച്ചതായി ബാബുഭായ് ആരോപിക്കുന്നു. അന്ന് പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയാൽ സത്യം പുറത്തുവരുമെന്നും ഇയാൾ പറയുന്നു.

ആദ്യമായി കലക്ടറെ സമീപിച്ച് പരാതി ബോധ്യപ്പെടുത്തിയപ്പോൾ വധശ്രമക്കേസിൽ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ അത് അവഗണിക്കുകയായിരുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു. തന്റെ നാലാം വിവാഹമാണിതെന്നും വിവാഹമോചന കരാറിന്റെ പേരിൽ ഭാര്യയും കുടുംബവും വൻതുക തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ബാബുഭായ് ആരോപിച്ചു.

അതേസമയം, ദമ്പതികൾക്കിടയിൽ നിരവധി തവണ അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക പൊലീസ് അറിയിച്ചു. നിലവിൽ മോനിക സ്വന്തം വീട്ടിലാണുള്ളത്. ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത മോനിക, ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Tags:    
News Summary - Middle-aged man seeks permission for euthanasia after wife and family constantly torture him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.