ബംഗളൂരു: സംഘടിത-അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവാവധി ഉറപ്പാക്കണമെന്ന് കർണാടക ഹൈകോടതി. ആർത്തവം എന്നത് ഒരു അസ്വാഭാവികതയല്ലെന്നും സ്ത്രീകളുടെ പ്രത്യുത്പാദന ചക്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് വ്യക്തമാക്കി. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീകളുടെ അന്തസ്സിനെക്കുറിച്ചും സുപ്രധാനമായ ചില നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
നിയമത്തിന് മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും അവർക്കിടയിൽ ജൈവികമായ വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങളെ അംഗീകരിക്കുകയും ആരോഗ്യവും അന്തസ്സും കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നത് സമത്വത്തിന്റെ ലംഘനമല്ല, മറിച്ച് ഭരണഘടനാപരമായ നീതി നടപ്പാക്കലാണ്. ആർത്തവാവധി എന്നത് സ്ത്രീകൾ ചോദിക്കുന്ന ഒരു സൗജന്യമല്ല, മറിച്ച് അന്തസ്സോടെ ജോലി ചെയ്യാനുള്ള അവരുടെ അവകാശമാണ്.
ബെളഗാവിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ചന്ദ്രവ്വ ഹനുമന്ത് ഗോകാവി എന്ന വനിത നൽകിയ ഹരജിയിലാണ് ഈ നിർണ്ണായക ഉത്തരവ്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങളിൽ പോലും ആർത്തവകാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസ്സിനെയും ബാധിക്കുന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ പ്രതിമാസ അവധിയും, വിദ്യാർഥിനികൾക്ക് അറ്റൻഡൻസിൽ 2 ശതമാനം ഇളവും നൽകുന്ന 'കർണാടക മെൻസ്ട്രുവൽ ലീവ് ആൻഡ് ഹൈജീൻ ബിൽ 2025' നിലവിൽ നിയമസഭയുടെ പരിഗണനയിലാണ്. ഈ നിയമം ഔദ്യോഗികമായി പാസാക്കുന്നതുവരെ, നിലവിലുള്ള നയങ്ങൾ കർശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഒരുപോലെ ഈ നയം നടപ്പിലാക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സർക്കുലറുകളും ഉടൻ പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.