മേകേദാട്ടു പദ്ധതി: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വിജയ്; താഴെത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് ആവശ്യം

ചെന്നൈ: കർണാടകയുടെ മേകേദാട്ടു പദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാവേരി ജല തർക്ക ട്രൈബ്യൂണൽ വിധിക്കും സുപ്രീം കോടതി ഉത്തരവുകൾക്കും വിധേയമായി മാത്രമേ മേകേദാട്ടു പദ്ധതി പരിശോധിക്കാവൂ എന്ന് വിജയ് കത്തിലൂടെ ആവശ്യപ്പെട്ടു.

കാവേരി നദിക്കുമേൽ അണക്കെട്ട് നിർമിക്കുന്നതിന് മുൻപ് കർണാടക താഴെത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ അനുമതി തേടേണ്ടതില്ലെന്ന് രാജ്യസഭയിൽ കേന്ദ്ര ജൽശക്തി സഹമന്ത്രി രാജ് ഭൂഷൺ ചൗധരി നൽകിയ മറുപടി പിൻവലിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. പി.എം.കെ എം.പി അൻപുമണി രാമദാസിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. അന്തർസംസ്ഥാന നദീജല വിഷയങ്ങളിലെ നിലവിലുള്ള നിയമവശങ്ങളും സുപ്രീം കോടതി വിധികളും പൂർണ്ണമായി പരിശോധിക്കാതെയാണ് മന്ത്രി ഇത്തരമൊരു മറുപടി നൽകിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കർണാടകയും ആന്ധ്രാപ്രദേശും തമ്മിലുള്ള അലമാട്ടി കേസ് ഉൾപ്പെടെയുള്ള സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാണിച്ച വിജയ്, നദീജല പ്രവാഹത്തെ ബാധിക്കുന്ന പദ്ധതികൾക്ക് താഴെത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ സമ്മതം അനിവാര്യമാണെന്ന് വ്യക്തമാക്കി. കാവേരി ജല തർക്ക ട്രൈബ്യൂണൽ വിധിയുടെ അന്തസ്സത്ത തകർക്കുന്ന രീതിയിലോ താഴെത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ ജലാവകാശങ്ങളെ ഹനിക്കുന്ന രീതിയിലോ യാതൊരുവിധ നീക്കങ്ങളും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ സാങ്കേതിക വശങ്ങൾ മാത്രം പരിശോധിച്ചാൽ പോരാ, മറിച്ച് അതിന്റെ നിയമപരമായ അനുമതികളും സുപ്രീം കോടതി വിധികളുടെയും ട്രൈബ്യൂണൽ ഉത്തരവുകളുടെയും അടിസ്ഥാനത്തിലുള്ള സാധുതയാണ് ആദ്യം പരിശോധിക്കേണ്ടത്. 2019ൽ കർണാടക സമർപ്പിച്ച വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ) ട്രൈബ്യൂണൽ വിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സെൻട്രൽ വാട്ടർ കമ്മീഷൻ തിരിച്ച അയച്ചിരുന്നു എന്ന കാര്യവും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കാവേരി എന്നത് ദക്ഷിണേന്ത്യയിലെ ലക്ഷക്കണക്കിന് കർഷകരുടെയും ജനങ്ങളുടെയും ജീവനാഡിയാണെന്നും, അതിനാൽ തന്നെ അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഭരണഘടനാപരമായ സംവിധാനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കി.

കാവേരി നദിയിൽ രാമനഗര ജില്ലയിൽപ്പെടുന്ന കനകപുരയിൽ അണക്കെട്ട് നിർമിക്കാനാണ് കർണാടകയുടെ പദ്ധതി. 14,000 കോടി രൂപ ചെലവുവരുന്ന ​മേകേദാട്ടു പദ്ധതിവഴി ബംഗളൂരു നഗരത്തിലും മറ്റ് പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. 400 മെഗാവാട്ടിന്റെ ജലവൈദ്യുത നിലയവും പദ്ധതിയിൽ ഉൾ​പ്പെടും. അണകെട്ടി നദിയിലെ ഒഴുക്ക് തടയുമ്പോൾ തങ്ങൾക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നാണ് തമിഴ്നാടിന്റെ ആശങ്ക. കർണാടകയുടെ അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിനെതിരെ കർഷകരും പ്രതിഷേധത്തിലാണ്. 

Tags:    
News Summary - മേകേദാട്ടു പദ്ധതി | പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വിജയ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.