ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിൽ; രാഷ്ട്രീയ പ്രേരിതമെന്ന് എ.എ.പി

ന്യൂഡൽഹി: ഡൽഹി ജല ബോർഡ് അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി (എ.എ.പി) നേതാവ് സത്യേന്ദർ ജെയിൻ അറസ്റ്റിൽ. 2024ൽ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി അഴിമതിവിരുദ്ധ ബ്യൂറോയാണ് മുൻ ജലമന്ത്രി കൂടിയായ സത്യേന്ദറിനെ അറസ്റ്റ് ചെയ്തത്.

ജല ബോർഡിന്‍റെ മലിനജല സംസ്കരണ പ്ലാന്റുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ വൻ ക്രമക്കേടുകളും കൃത്രിമത്വവും ക്രിമിനൽ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് കാണിച്ച് വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ പരാതിയിലാണ് നടപടി. സത്യേന്ദറിനെ കൂടാതെ, ജല ബോർഡ് മുൻ സി.ഇ.ഒ ഉദിത് പ്രകാശ്, മുൻ കരാർ കൺസൽട്ടന്‍റ് അങ്കിത് ശ്രീവാസ്തവ ഉൾപ്പെടെ അഞ്ചു പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച ആം ആദ്മി പാർട്ടി, ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ നടക്കുമ്പോൾ സത്യേന്ദർ ജെയിൻ ജയിലിലായിരുന്നുവെന്നും വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ 18 മാസം ജയിലിൽ കിടന്നിരുന്നു. ‘ബി.ജെ.പിക്ക് ആം ആദ്മി പാർട്ടിയെ ഭയമാണെന്ന് തെളിയിക്കാൻ ഇനി എത്ര തെളിവുകൾ വേണം? ജല ബോർഡിന്റെ ടെൻഡർ സമയത്ത് സത്യേന്ദർ ജയിലിലായിരുന്നു. ജയിലിൽ കിടന്നുകൊണ്ട് അദ്ദേഹത്തിന് എങ്ങനെയാണ് ഇതിന്റെ ഉത്തരവാദിയാകാൻ കഴിയുക? സത്യേന്ദർ ജെയിൻ പഞ്ചാബിലെ എ.എ.പിയുടെ ചുമതല വഹിക്കുന്നുണ്ട്. അവിടെ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നു എന്നതാണ് യഥാർഥ കാരണം’ -എ.എ.പി ദേശീയ മീഡിയ ഇൻ-ചാർജ് അനുരാഗ് ധണ്ട എക്സിൽ കുറിച്ചു.

മുതിർന്ന പാർട്ടി നേതാവ് സത്യേന്ദർ ജെയിനെതിരെയുള്ള കേസ് വ്യാജമാണെന്ന് തെളിയുമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.

Tags:    
News Summary - Satyendar Jain, AAP leader and ex-Delhi minister, arrested over alleged corruption in Jal Board tenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.