പള്ളികളിലെ ലൗഡ് സ്പീക്കർ നീക്കംചെയ്യാൻ പറഞ്ഞിട്ടില്ലെന്ന് ബംഗാൾ സർക്കാർ ഹൈകോടതിയിൽ; പൊതുതാൽപര്യ ഹർജി തള്ളി

കൊൽക്കത്ത: പള്ളികളിൽ ബാങ്ക് വിളിക്കുന്നതിന് ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യാൻ പശ്ചിമ ബംഗാൾ പൊലീസ് വാക്കാൽ നിർദേശം നൽകിയതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി കൽക്കട്ട ഹൈകോടതി തള്ളി. ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി തള്ളിയത്. അഡ്വ. മുഹമ്മദ് ഡാനിഷ് ഫാറൂഖി സമർപ്പിച്ച ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് അരുപ് ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

പൊതുസ്ഥലങ്ങളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിലും, കഴിഞ്ഞ ആഴ്ചകളിൽ പൊലീസ് ഉദ്യോഗസ്ഥർ പള്ളി പ്രതിനിധികളുമായി യോഗം ചേർന്ന് ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ചോദ്യംചെയ്താണ് ഹർജി സമർപ്പിച്ചത്. എന്നാൽ, പള്ളി പ്രതിനിധികളുമായി യോഗം ചേരുകയോ ലൗഡ് സ്പീക്കറുകൾ മാറ്റാൻ വാക്കാൽ നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.

ഹർജിയിലെ ആരോപണങ്ങൾ അവ്യക്തമാണെന്നും സർക്കാർ ഉദ്യോഗസ്ഥർ നിയമങ്ങൾ ലംഘിച്ചതായി കാണിക്കുന്ന രേഖാമൂലമുള്ള തെളിവുകളുമില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇമാമുകളിൽ നിന്നും പള്ളി പ്രതിനിധികളിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഹർജിക്കാരൻ പരാമർശിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇതുമായി നേരിട്ട് ബന്ധമുള്ളവർ കോടതിയെ സമീപിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.

അതേസമയം, പൊലീസും പള്ളി കമ്മിറ്റികളും തമ്മിൽ യോഗങ്ങൾ നടന്നിട്ടുണ്ടെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കല്യാൺ ബാനർജി കോടതിയിൽ വ്യക്തമാക്കി. പൊതുതാൽപര്യ ഹർജി എന്നത് ശത്രുതാപരമായ വ്യവഹാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത് 100 ശതമാനം തെളിവുകൾ നൽകേണ്ട സിവിൽ അല്ലെങ്കിൽ ക്രിമിനൽ വിചാരണ പോലെയാണോ എന്നും ചോദിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഹർജി തള്ളിയത്.

പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വാക്കാൽ നിർദേശപ്രകാരം നിരവധി പള്ളികൾ ബാങ്ക് വിളിക്കാനായി ഉപയോഗിച്ചിരുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി സംസ്ഥാനത്തെ മുസ്‍ലിം മതപണ്ഡിതർ ചൂണ്ടിക്കാട്ടിയിരുന്നു. പള്ളി കമ്മിറ്റികളെ ഭീഷണിപ്പെടുത്തിയാണ് ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് ബംഗാളിലെ ഏറ്റവും വലിയ പള്ളിയായ കൊൽക്കത്തയിലെ നഖോദ ഇമാം മൗലാന മുഹമ്മദ് ഷഫീഖ് ഖാസിമി പറഞ്ഞു.

ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ‘ഇത് ആവശ്യമാണ്. പള്ളിയായാലും അമ്പലമായാലും യാതൊരു ആരാധനാലയത്തിലും ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ പാടില്ല. നിയമം എല്ലാവർക്കും ബാധകമാണ്’ -എന്നാണ് സംസ്ഥാന നഗരവികസന മന്ത്രി അഗ്നിമിത്ര പോൾ പറഞ്ഞത്. വ്യവസായ മന്ത്രി തപസ് റോയ് യും ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുന്നതിനെ അനുകൂലിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.