സര്‍ക്കാറിന് തിരിച്ചടി; സംഘ്പരിവാറിന് നാണക്കേട്



ന്യൂഡല്‍ഹി: സംഘ്പരിവാര്‍ നേതാക്കള്‍ക്ക് രാജ്ഭവനുകളില്‍ വിശ്രമസങ്കേതം ഒരുക്കിയ മോദി സര്‍ക്കാറിന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖനാഥന്‍െറ രാജി കനത്ത തിരിച്ചടിയായി. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്ന് ആര്‍.എസ്.എസുകാരനായി വളര്‍ന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായി മാറിയ ഷണ്‍മുഖനാഥന് 65ാം വയസ്സില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊടുത്ത സൗകര്യമാണ് ഗവര്‍ണര്‍ പദവി. സംസ്കാരത്തെക്കുറിച്ചും മറ്റുമായി പുസ്തകങ്ങള്‍ വരെ എഴുതിയിട്ടുള്ള ഗവര്‍ണര്‍ ഒടുവില്‍ രാജിവെച്ചത് സ്ത്രീവിഷയത്തിലും.

100 രാജ്ഭവന്‍ ജീവനക്കാരുടെ കൈയൊപ്പുള്ള പരാതിയോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധിതമായതിനു പിന്നാലെ ഷണ്‍മുഖനാഥന് മണിക്കൂറുകള്‍ക്കകം രാജിവെക്കേണ്ടിവന്നു. ഈ കഥയില്‍ അപ്പാടെ ഇന്‍റലിജന്‍സ് ബ്യൂറോയുടെയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും പിഴവ് വ്യക്തമാണ്. രാജ്ഭവന്‍ ജീവനക്കാര്‍ പരസ്യമാക്കിയ ഗവര്‍ണറുടെ ലൈംഗികാപവാദം, മൂക്കിനു താഴെയുള്ള രഹസ്യാന്വേഷണ വിഭാഗം അറിയാതെപോവുകയോ അജ്ഞത നടിക്കുകയോ ചെയ്തു.

രാജ്ഭവന്‍െറ അന്തസ്സിടിക്കുന്നവിധം യുവതികളുടെ ക്ളബാക്കി രാജ്ഭവനെ മാറ്റിയെന്ന പരാതി, സാംസ്കാരിക ഉന്നതി അവകാശപ്പെടുന്ന ആര്‍.എസ്.എസിന് മുഖത്തേറ്റ അടിയാണ്. സംഘ്പരിവാര്‍ ബന്ധം കൈമുതലാക്കിയാണ് ഷണ്‍മുഖനാഥന്‍ ഗവര്‍ണറായതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് രാജിക്ക് ഇടയാക്കിയ സാഹചര്യം. അശ്ളീലമായ ആരോപണങ്ങള്‍ക്കു പുറമെ, കൃത്യവിലോപം നടത്തിയതിന്‍െറയും തെറ്റായ വിവരങ്ങള്‍ കേന്ദ്രത്തിനു നല്‍കുന്നതിന്‍െറയും ഉദാഹരണങ്ങള്‍ രാജ്ഭവന്‍ ജീവനക്കാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച കത്തിലുണ്ട്. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്.

കലാം ഷില്ളോങ്ങില്‍ വെച്ചാണ് പ്രസംഗവേദിയില്‍ കുഴഞ്ഞുവീഴുകയും ബഥനി ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരിക്കുകയും ചെയ്തത്. അന്ന് രാഷ്ട്രപതിക്ക് ഒപ്പംതന്നെ ഗവര്‍ണര്‍ ഉണ്ടായിരുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. എന്നാല്‍, ഗവര്‍ണര്‍ ഈ സമയം കിടപ്പറയിലായിരുന്നുവെന്നും, പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് വിവരമത്തെിയ ശേഷമാണ് ഓടിക്കിതച്ച് ബഥനി ആശുപത്രിയില്‍ എത്തിയതെന്നും രാജ്ഭവന്‍ ജീവനക്കാര്‍ കത്തില്‍ വെളിപ്പെടുത്തുന്നു.

 

Tags:    
News Summary - Meghalaya Governor V Shanmuganathan Resigns After 'Young Ladies Club' Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.