ന്യൂഡൽഹി: 27 വർഷത്തെ ഇടവേളക്ക് ശേഷം ബി.ജെ.പി ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി രേഖ ഗുപ്തക്കൊപ്പം മറ്റ് ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പന്ത്രണ്ടാം നാളാണ് ബി.ജെ.പി ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ജാതിയും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് ബി.ജെ.പി മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തെരഞ്ഞെടുത്തത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രേഖ ബി.ജെ.പിയിലേക്ക് എത്തുന്നത്. അഭിഭാഷകയായ അവർ ഡൽഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ് യൂനിയൻ പ്രസിഡന്റായാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. നിലവിൽ ഡൽഹി ബി.ജെ.പിയിൽ ജനറൽ സെക്രട്ടറിയാണ് രേഖ ഗുപ്ത. ബി.ജെ.പി മഹിള മോർച്ച ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 50കാരിയായ രേഖ ഗുപ്ത, ഡൽഹി ഷാലിമാർ ബാഗ് സീറ്റിൽ 29,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ.എ.പിയുടെ ബന്ദന കുമാരിക്കെതിരെ ജയിച്ചത്. നിലവിൽ രാജ്യത്ത് ബി.ജെ.പിയുടെ ഏക വനിത മുഖ്യമന്ത്രി കൂടിയാണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്.
പർവേശ് വർമ: ജാട്ട് വിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണ് പർവേശ് വർമ. അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേശ് വർമ മുഖ്യമന്ത്രിസ്ഥാനത്ത് എത്തുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ അദ്ദേഹം പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് രണ്ട് തവണ എം.പിയായിട്ടുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം പർവേശ് വർമക്കാണ്.
ആശിഷ് സൂദ്: പഞ്ചാബി സമുദായത്തെ പ്രതിനിധീകരിക്കുന്ന 59 കാരനായ ആശിഷ് സൂദ് ജനക്പുരിയിൽ നിന്നുള്ള എം.എൽ.എയാണ്. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ആശിഷ് ഗോവയിൽ പാർട്ടി ഇൻചാർജും ജമ്മു കശ്മീരിലെ സഹഭാരവാഹിയുമായിരുന്നു.
മഞ്ജീന്ദർ സിങ് സിർസ: 58 കാരനായ മഞ്ജീന്ദർ സിങ് ഡൽഹിയിലെ സിഖ് സമുദായത്തിൽ നിന്നുള്ള മന്ത്രിയാണ്. ബി.ജെ.പി ദേശീയ സെക്രട്ടറിയായ അദ്ദേഹം ഡൽഹി സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പ്രസിഡൻറ് കൂടിയാണ്. രജൗരി ഗാർഡൻ സീറ്റിൽ നിന്നാണ് വിജയിച്ചത്.
രവീന്ദർ ഇന്ദ്രജ് സിങ്: മുൻ എം.എൽ.എ ഇന്ദ്രജ് സിങ്ങിന്‍റെ മകനായ രവീന്ദർ ഇന്ദ്രജ് സിങ് പുതിയ മന്ത്രിസഭയിലെ ദളിത് മുഖമാണ്. ബവാന സീറ്റിൽ നിന്ന് വിജയിച്ച അദ്ദേഹം ബി.ജെ.പി എസ്.സി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.
കപിൽ മിശ്ര: മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് കപിൽ മിശ്ര. 44 കാരനായ കപിൽ മിശ്രയുടെ ഡൽഹി മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവാണിത്. അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപിച്ച് എ.എ.പി സർക്കാറിൽ നിന്ന് രാജിവെച്ചാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. വിവാദ ഹിന്ദുത്വ പരാമർശങ്ങളുടെ പേരിൽ അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.
പങ്കജ് കുമാർ സിങ്: 49 കാരനായ ദന്തഡോക്ടറായ പങ്കജ് കുമാർ സിങ് താക്കൂറുകളെയും പൂർവാഞ്ചലികളെയും പ്രതിനിധീകരിക്കുന്നു. വികാസപുരിയിൽ നിന്നുള്ള എം.എൽ.എയാണ്. ആം ആദ്മി പാർട്ടി സ്ഥാനാർഥി മഹേന്ദ്ര യാദവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.