ഏകനാഥ് ഷിൻഡെയും (ഇടത്) വിജയ് മാനെയും 

ഷി​ൻഡെയുടെ ലുക്ക് ഉള്ള യുവമോർച്ച നേതാവിന് ഇത് കഷ്ടകാലം: അന്ന് ആഘോഷം, ഇന്ന് കേസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മുഖസാദൃശ്യമുള്ള മുംബൈയി​ലെ യുവമോർച്ച നേതാവിന് ഇത് കഷ്ടകാലം. ഉദ്ധവ് താക്കറെയോട് പടവെട്ടി ഏക്‌നാഥ് ഷിൻഡെ മുഖ്യന്ത്രിയായപ്പോൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആഘോഷിച്ച വിജയ് മാനെ (37) ആണ് ഇപ്പോൾ അതേ രൂപസാദൃശ്യത്തിന്റെ പേരിൽ കേസും കോടതിയുമായി പുലിവാല് പിടിച്ചത്.

ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച (ബി.ജെ.വൈ.എം) ഹവേലി താലൂക്ക് യൂണിറ്റ് ജനറൽ സെക്രട്ടറിയായ മാനെ, കട്ടത്താടിയും നെറ്റിയിൽ ചുവന്ന കുറിയുമണിഞ്ഞ് ഷിൻഡെയുടെ അതേ ലുക്കിലാണ് പ്രത്യക്ഷ​പ്പെടാറുള്ളത്. ജൂൺ 30 ന് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ മാധ്യമങ്ങൾ ഇദ്ദേഹത്തിന് പിന്നാലെയായിരുന്നു. വിജയ് മാനെ വഴിയിൽ തടഞ്ഞ് സെൽഫി എടുക്കാൻ ഷിൻഡെ ആരാധകരും തിരക്കുകൂട്ടി. ഈ ദിവസങ്ങളിൽ ഇയാളുടെ വീടിന് പുറത്ത് വൻ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.

താരമാക്കിയതും പാരയായതും രൂപസാദൃശ്യം

അന്ന് ഏറെ ആസ്വദിച്ച ഈ രൂപസാദൃശ്യം ഇപ്പോൾ വിജയ് മാനെ വേട്ടയാടുന്നതായാണ് പുതിയ വാർത്തകൾ. ഒരു ഗുണ്ടയോടൊപ്പം നിന്ന് എടുത്ത ഫോട്ടോ മുഖ്യമന്ത്രി ഷിൻഡെയുടെ പ്രതിച്ഛായയെ വ്രണപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പൊലീസ് കേസ്. ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്‌തതിന് പൂണെ പൊലീസ് തിങ്കളാഴ്ച വിജയ് മാനിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

സെക്ഷൻ 419 (വഞ്ചന), 469 (വ്യാജരേഖ), 500 (മാനനഷ്ടം), 501 (അപകീർത്തിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് മാനെയ്‌ക്കെതിരെ കേസെടുത്തത്. ഗുണ്ടയുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് അടുത്ത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് പരാതിയെന്നും സംഭവത്തിൽ പൂണെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതായും പൂണെ ബണ്ട്‌ഗാർഡൻ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ 'ദി പ്രിന്റി'നോട് പറഞ്ഞു.

എന്നാൽ, ആരോപണം വിജയ് മാനെ നിഷേധിച്ചു. "ഞാൻ അഹമ്മദ്‌നഗർ ജില്ലയിൽ ഒരു പരിപാടിക്ക് പോയതായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയാണെന്ന് തെറ്റിദ്ധരിച്ച് എല്ലാവരും വഴിയൊരുക്കാനായി മാറി. ഞാൻ ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ കയറി സംസാരിക്കവെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. എന്റെ അടുത്ത് വന്നവർ ആരാണെന്ന് എനിക്കറിയില്ല. അതിൽ ആരോ ഒരാൾ ഫോട്ടോ ക്ലിക്കുചെയ്ത് വൈറലാക്കിയതാണ്' -അദ്ദേഹം ദി പ്രിന്റിനോട് പറഞ്ഞു.

Tags:    
News Summary - Meet Shinde’s doppelganger. He poses for pics, hears people’s problems & is now in the dock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.