അനന്തരവനെ പുറത്താക്കി: വ്യക്തിയല്ല ജനങ്ങളാണ് മുഖ്യമെന്ന് മായാവതി

ലഖ്നോ (ഉത്തർപ്രദേശ്): വ്യക്തിയല്ല ജനങ്ങളാണ് മുഖ്യമെന്ന് ബഹുജൻ സമാജ്‍വാദി അധ്യക്ഷ മായാവതി. അനന്തരവനും മുൻ എം.പിയുമായ അശോക് സിദ്ധാർഥിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസമാണ് അശോക് സിദ്ധാർഥ് പാർട്ടി പാർട്ടിക്ക് പുറത്തായത്. അദ്ദേഹത്തെ കൂടാതെ, സിദ്ധാർഥിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന കോർഡിനേറ്റർ നിതിൻ സിങ്ങിനെയും മായാവതി പുറത്താക്കിയിരുന്നു.

പാർട്ടിയുടെ യഥാർഥ പിൻഗാമികളിലും പ്രസ്ഥാനത്തിലും ചില ഗുണങ്ങൾ വേണമെന്ന് മായാവതി പറഞ്ഞു. കാൻഷി റാമിന്റെ ശിഷ്യയെന്ന നിലയിൽ താൻ ചെയ്തതുപോലെ, ഒരു വ്യക്തി തന്റെ മുഴുവൻ ജീവിതവും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും പോരാട്ടങ്ങൾക്കുമായി സമർപ്പിക്കണമെന്നും അവർ പറഞ്ഞു. എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് മായാവതി തന്റെ നിലപാട് വ്യക്തമാക്കിയത്.

കാൻഷിറാമിന്റെ ശിഷ്യയും പിൻഗാമിയും എന്ന നിലയിൽ അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് രാഷ്ട്രീയ അടിമത്തത്തിൽ നിന്നും സാമൂഹിക നിസ്സഹായതയിൽ നിന്നും മോചിതരായി സ്വന്തമായി നിൽക്കാൻ വേണ്ടി എല്ലാ ത്യാഗങ്ങളും സഹിച്ച് അവസാന ശ്വാസം വരെ പോരാട്ടം തുടരണമെന്നും അവർ പറഞ്ഞു. അതിനിടെ, ബി.ജെ.പിയെ ലക്ഷ്യം വെക്കുന്നതു കൊണ്ടാണ് മായാവതി അശോക് സിദ്ധാർഥിനെ പുറത്താക്കിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഞായറാഴ്ച പാർട്ടി ഭാരവാഹികളോടും പ്രവർത്തകരോടും പാർട്ടിയുടെ അച്ചടക്കവും നിർദേശങ്ങളും പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടും വിശ്വസ്തതയോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കാൻ അവർ ആഹ്വാനം ചെയ്തു. ബി.എസ്‌.പിക്ക് ഭാവിയിൽ ആഗ്രഹിക്കുന്ന വിജയം ലഭിക്കുന്നതിന്, താഴെത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിലും പാർട്ടിയുടെ പിന്തുണാ അടിത്തറ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചു.

Tags:    
News Summary - Mayawati says people are important, not individuals, after nephew's expulsion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.