മായാവതി
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള ഭരണഘടനാപരമായ സംവരണത്തിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിലെ പ്രതിഷേധം രാജ്യതാൽപ്പര്യത്തിന് ഒട്ടും അനുയോജ്യമല്ലെന്ന് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രം സംവരണം വേണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത്തരം സംവരണ വിരുദ്ധ ശക്തികൾക്ക് സർക്കാരുകൾ യാതൊരുവിധ സംരക്ഷണവും നൽകരുതെന്നും അവർ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി ജാതീയമായ ചൂഷണങ്ങൾക്ക് ഇരയായ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനാണ് ഭരണഘടനയിൽ സംവരണം ഏർപ്പെടുത്തിയതെന്ന് ഡോ. ബി.ആർ. അംബേദ്കറുടെ വാക്കുകൾ ഉദ്ധരിച്ച് മായാവതി വ്യക്തമാക്കി. സമത്വമുള്ള ഒരു സമൂഹവും വികസിത രാജ്യവും കെട്ടിപ്പടുക്കാനുള്ള ഭരണഘടനാ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. സംവരണം പോലുള്ള അതീവ ഗൗരവമുള്ളതും വൈകാരികവുമായ വിഷയങ്ങളിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം, കോൺഗ്രസിനെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മായാവതി രൂക്ഷമായി വിമർശിച്ചു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുന്നതിനായി മണിക്കൂറുകളോളം ധർണയിരുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും തൊട്ടടുത്ത് ജന്തർ മന്തറിൽ സംവരണ വിരുദ്ധ സമരം നടക്കുമ്പോൾ അവിടേക്ക് തിരിഞ്ഞുനോക്കുകയോ സമരക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തില്ല. ഇത് കോൺഗ്രസിന്റെ ഇപ്പോഴും മാറാത്ത സംവരണ വിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.