ശശി തരൂർ
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കം മുറുകുന്നതിനിടെ, നിലപാട് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച തരൂർ, സർക്കാർ പരിപാടികളിലും മറ്റും ഗാനം പൂർണമായി ആലപിക്കുമ്പോഴും എഴുന്നേറ്റുനിൽക്കാൻ കോൺഗ്രസിന് യാതൊരു മടിയുമില്ലെന്ന് വ്യക്തമാക്കി.
സ്വാതന്ത്ര്യസമര കാലഘട്ടം മുതൽക്കേ രവീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ള നേതാക്കൾ അംഗീകരിച്ചതും ഭരണഘടനാ നിർമ്മാണ സഭ സ്വീകരിച്ചതുമായ ചരിത്രപരമായ കീഴ്‌വഴക്കമാണ് ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുകയെന്നത്. എല്ലാ മതവിഭാഗങ്ങൾക്കും സ്വീകാര്യമായ രീതിയിലാണ് അന്ന് ആ തീരുമാനം എടുത്തത്. എന്നാൽ, കോൺഗ്രസ് രാജ്യസ്നേഹമില്ലാത്തവരാണെന്ന് ചിത്രീകരിക്കാൻ ബിജെപി ഈ വിഷയത്തെ ആയുധമാക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.
ദേശീയ ചിഹ്നങ്ങളെയും ഗാനങ്ങളെയും കോൺഗ്രസ് എപ്പോഴും പൂർണ ആദരവോടെയാണ് കാണുന്നത്. ഗാനത്തിന്റെ പൂർണരൂപം ആലപിക്കുന്നതിൽ പാർട്ടിക്ക് യാതൊരു തടസ്സവുമില്ലെന്നും, ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകളെ പ്രതിരോധിക്കാൻ പാർട്ടി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാപരമായ മര്യാദകളെയും രാജ്യത്തിന്റെ ബഹുസ്വരതയെയും മാനിച്ചാണ് കോൺഗ്രസ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ ഗാനത്തെയോ ഗീതത്തെയോ ദുരുപയോഗം ചെയ്യുന്നത് രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതല്ല. എല്ലാ പൗരന്മാരുടെയും മതവിശ്വാസങ്ങളെയും വികാരങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രമായ ദേശീയബോധമാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ഉന്നയിക്കുന്ന ഇത്തരം വിവാദങ്ങൾ യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണെന്നും തരൂർ ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാതലായ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ വർഗീയവും വൈകാരികവുമായ വിഷയങ്ങൾ മനഃപൂർവം കുത്തിപ്പൊക്കുകയാണ് ഭരണകൂടം. ഇത്തരം രാഷ്ട്രീയ അജണ്ടകളെ ശക്തമായി തുറന്നുകാട്ടുമെന്നും രാജ്യത്തിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് മുന്നിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.