‘സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശും, വരാനിരിക്കുന്നത് കഠിനകാലം, അദാനിയും അംബാനിയും സുരക്ഷിതർ’; മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ലഖ്നോ: രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയാണെന്ന മുന്നറിയിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശുമെന്നും വരാനിരിക്കുന്നത് കഠിനകാലമാണെന്നും രാഹുൽ പറഞ്ഞു.

ഉത്തർപ്രദേശിലെ റായ്ബറേലി, അമേത്തി എന്നിവിടങ്ങളിൽ രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ, ബച്ച്‌രാവാനിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച രാഹുൽ, സ്വന്തക്കാരായ ചില വ്യവസായികളെ സഹായിക്കുന്നതിനിടയിൽ സർക്കാർ സാധാരണക്കാരെ മറന്നെന്നും കുറ്റപ്പെടുത്തി. ഇറാനും യു.എസും തമ്മിലുള്ള സംഘർഷവും ഹുർമുസ് കടലിടുക്കിലെ നിയന്ത്രണവും ഇന്ധനവില വർധനവിനും പണപ്പെരുപ്പത്തിനും വൻ ക്ഷാമത്തിനും കാരണമാകുമെന്നും രാഹുൽ പറഞ്ഞു.

‘വളരെ കഠിനമായ ദിനങ്ങളാണ് വരാനിരിക്കുന്നത്... ഒരു സാമ്പത്തിക കൊടുങ്കാറ്റ് വീശുമെന്ന് മാസങ്ങളായി ഞാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനങ്ങൾക്ക് കനത്ത തിരിച്ചടിയാകും, പണപ്പെരുപ്പം ആകാശത്തോളമുയരും’ -രാഹുൽ പറഞ്ഞു. 10 വർഷമായി ജനങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പക്കലുണ്ടായിരുന്ന പണം തട്ടിയെടുത്ത് മോദി, ശതകോടീശ്വരന്മാരായ അംബാനിക്കും അദാനിക്കും നൽകി. വരാനിരിക്കുന്ന പ്രതിസന്ധി പണക്കാരെ ബാധിക്കില്ലെന്നും എന്നാൽ സാധാരണക്കാരായ ഇന്ത്യക്കാരെ അത് നേരിട്ട് ബാധിക്കുമെന്നും കോൺഗ്രസ് എം.പി മുന്നറിയിപ്പ് നൽകി. ‘ആരാണ് ഇതിന്റെ ദുരിതം അനുഭവിക്കുക? അദാനിയും അംബാനിയുമല്ല. അവർ തങ്ങളുടെ കൊട്ടാരങ്ങളിൽ സുരക്ഷിതരായിരിക്കും. ഈ പ്രഹരം ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും യുവാക്കളെയും ചെറുകിട വ്യാപാരികളെയുമാണ് ബാധിക്കുക’ -രാഹുൽ കൂട്ടിച്ചേർത്തു.

ഹുർമുസിലെ നിയന്ത്രണവും ആഗോള എണ്ണ വിതരണം അവതാളത്തിലായതുമാണ് പ്രതിസന്ധിക്ക് കാരണം. ആഗോള എണ്ണ വിതരണത്തിന്‍റെ വലിയൊരു ശതമാനം കടന്നുപോകുന്ന പാതയാണ് ഹുർമുസ്. ഇപ്പോൾ ലോകം എണ്ണ, ഡീസൽ, രാസവള ക്ഷാമം നേരിടുകയാണ്. അനാവശ്യ വിദേശയാത്രകൾ കുറക്കണമന്ന അഭ്യർഥനക്കിടയിലും പ്രധാനമന്ത്രി മോദി നടത്തുന്ന വിദേശ യാത്രകളെ കോൺഗ്രസ് നേതാവ് പരിഹസിച്ചു. തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് തങ്ങൾ മോദി സർക്കാറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ അദ്ദേഹം വിദേശത്ത് പോയി അദാനിയെ സഹായിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാഹുലിന്‍റെ സന്ദർശനം.

Tags:    
News Summary - Massive ‘economic storm’ is coming: Rahul Gandhi’s warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.