ആദ്യം വരന്‍െറ വീട്ടില്‍ കക്കൂസ്; പിന്നെ ഒരു പണരഹിത വിവാഹം

ജാംഷഡ്പുര്‍: തീര്‍ത്തും വ്യത്യസ്തമായൊരു വിവാഹ വാര്‍ത്തയാണ് ഝാര്‍ഖണ്ഡിലെ സിങ്ഭൂം ജില്ലയില്‍നിന്ന് വരുന്നത്. പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് മാറണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനത്തിന്‍െറ വെളിച്ചത്തില്‍ പണരഹിത വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ് ബദിയ ഗ്രാമത്തിലുള്ള രണ്ടു കുടുംബങ്ങള്‍. സ്ഥലത്തെ ബി.ജെ.പി എം.എല്‍.എ ലക്ഷ്മണ്‍ ടുഡുവിന്‍െറ നേതൃത്വത്തിലാണ് കല്യാണത്തിനുള്ള ഒരുക്കം നടത്തിയത്.

നോട്ട് പ്രതിസന്ധിയുടെ കാലത്ത് കറന്‍സിയില്ലാത്തൊരു കല്യാണം നടത്തി വിമര്‍ശകരുടെ വായടിപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ഈ വിവാഹ കര്‍മം ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കല്യാണത്തിനുള്ള മുഴുവന്‍ ചെലവുകളും ഓണ്‍ലൈന്‍ ബാങ്കിങ് വഴിയാണത്രെ ഇവര്‍ നടത്തിയത്. വിവാഹ കര്‍മം നടത്തിയ പൂജാരിക്ക് ചെക്ക് ആയാണ് ദക്ഷിണ നല്‍കിയത്.

വിവാഹത്തിന്‍െറ തലേന്ന് മറ്റൊരു സംഭവവുമുണ്ടായി. വരന്‍ സുഭാഷ് നായകിന്‍െറ വീട്ടില്‍ കക്കൂസുണ്ടായിരുന്നില്ല. തലേന്ന് രാത്രി വധു സുനിതയുടെ വീട്ടുകാര്‍ ഇവിടെയത്തെി വരന്‍െറ ഗൃഹത്തില്‍ കക്കൂസ് നിര്‍മിച്ചുനല്‍കി. രാജ്യത്ത് ആളുകള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതിരിക്കുമ്പോഴാണോ പണരഹിത സമ്പദ്വ്യവസ്ഥയിലേക്കെന്ന വിമര്‍ശകരുടെ ചോദ്യങ്ങളോടുള്ള പ്രതീകാത്മക മറുപടികൂടിയായാണ് ലക്ഷ്മണ്‍ ടുഡു ഇങ്ങനെയൊരു കക്കൂസ് നിര്‍മാണം നടത്തിയത്. ജില്ല കലക്ടര്‍ ഉള്‍പ്പെടെ പ്രമുഖരെ പങ്കെടുപ്പിച്ചായിരുന്നു വിവാഹം. വിവാഹശേഷം വധുവിനും വരനും ബാങ്കില്‍ സംയുക്ത അക്കൗണ്ടും തുടങ്ങിയത്രെ.

 

Tags:    
News Summary - marrige news from jarghandh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.