വിവാഹിതൻ യുവതിയോടൊപ്പം ഒളിച്ചോടി: അന്വേഷണ ചെലവിന്‍റെ 50 ശതമാനം നൽകണമെന്ന് കോടതി

അഹ്മദാബാദ്: യുവതിയോടൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വിവാഹിതനായ യുവാവിനോട് പൊലീസിന് അന്വേഷണത്തിന്‍റെ ഭാഗമായി ചെലവായ തുകയുടെ 50 ശതമാനം നൽകാൻ കോടതി ഉത്തരവിട്ടു. ഗുജറാത്ത് ഹൈകോടതിയുടേതാണ് വിചിത്ര ഉത്തരവ്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിന് ചെലവായ തുകയുടെ പകുതി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.

2021ലായിരുന്നു കേസിനാസ്പദമായ സംഭവം. അഹ്മദാബാദ് സ്വദേശിയായ രാഘാഭായ് പർമാറും 20കാരിയായ യുവതിയും ഏഴ് മാസം മുമ്പാണ് ഒളിച്ചോടിയത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ പൊലീസ് കണ്ടെത്തുകയും മാതപിതാക്കൾക്ക് കൈമാറുകയും ചെയ്തു.

അന്വേഷണത്തിനിടെയാണ് പർമാർ വിവാഹിതനാണെന്ന് കണ്ടെത്തിയത്. 42,000 രൂപ കേസന്വേഷണത്തിന്‍റെ ഭാഗമായി ചെലവായതായി പൊലീസ് ചൂണ്ടിക്കാട്ടി. കോടതിക്ക് മുമ്പാകെ ഹാജരാകാൻ 72,000 രൂപ ചെലവഴിച്ചു. ഇതോടെ യുവതിയെ തിരികെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനെടുത്ത ആകെ തുക 1,11,7500 രൂപയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയായ പർമാറിൽ നിന്നും ചെലവായ തുകയുടെ പകുതി തുക ഈടാക്കാൻ കോടതി ഉത്തരവിട്ടത്. വിവാഹിതനായിരുന്നിട്ടും യുവതിയുമായി ഒളിച്ചോടിയതിനും ചൂഷണം ചെയ്‌തതിനുമുള്ള ശിക്ഷ കൂടിയാണ് ഉത്തരവെന്ന് കോടതി പറഞ്ഞു. മകളെ കണ്ടെത്താൻ വ്യക്തിപരമായി 8.06 ലക്ഷം രൂപ ചെലവഴിച്ചതായി യുവതിയുടെ പിതാവും കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Married Man Elopes With Woman; Court Orders To Pay 50% Police Search Cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.