വിവാഹിതയായ മകൾക്ക് കുടുംബ പെൻഷൻ നിഷേധിച്ചു; ഹൈകോടതിയിൽ പോയപ്പോൾ അനുകൂല വിധി

ചണ്ഡീഗഢ്: 70 ശതമാനം ശാരീരിക പരിമിതിയുള്ള മകൾക്ക് വിവാഹിതയാണ് എന്ന കാരണം പറഞ്ഞ് അച്ഛന്റെ മരണാനന്തരം ലഭിക്കുന്ന കുടുംബ പെൻഷൻ തടഞ്ഞുവെക്കാൻ സർക്കാറിന് അവകാശമില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതി. മകൾ വിവാഹിതയും ഭർത്താവ് സർക്കാർ ജോലിയിലൂടെ പ്രതിവർഷം നാലുലക്ഷം രൂപ നേടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ കുടുംബ പെൻഷൻ അനുവദിക്കാതിരുന്നത്.

സർക്കാറിനെ പിന്തുണച്ചാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും വിധി പുറപ്പെടുവിച്ചത്. തുടർന്നാണ് യുവതി കുടുംബ പെൻഷൻ അനുവദിച്ചുകിട്ടാനായി ഹൈകോടതിയെ സമീപിപ്പിച്ചത്.

1999 ജൂൺ 30നാണ് പരാതിക്കാരിയുടെ പിതാവായ സുരീന്ദർ പാൽ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചത്. വിരമിച്ചതിന് പിന്നാലെ അദ്ദേഹത്തിന് പെൻഷൻ നൽകാനും അനുമതിയായി. 2014 ഒക്ടോബർ 10നാണ് സുരീന്ദർ മരണപ്പെട്ടത്. ഭാര്യ 2012ൽ മരണപ്പെട്ടതിനാൽ ഭിന്നശേഷിക്കാരിയായ ഒരേയൊരു മകൾ മാത്രമായിരുന്നു കുടുംബ പെൻഷന്റെ അവകാശി. തുടർന്നാണ് മകൾ കുടുംബ പെൻഷന് വേണ്ടി അപേക്ഷ നൽകിയത്.

എന്നാൽ കുടുംബ പെൻഷൻ നൽകാൻ വിസമ്മതിച്ച സർക്കാർ അധികൃതർ അവരോട് ഭിന്നശേഷിക്കാരിയാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകളും നിയമപരമായ അവകാശം സ്ഥാപിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദേശിച്ചു.

എല്ലാ രേഖകളും ഹാജരാക്കിയിട്ടും 2015 നവംബറിൽ അപേക്ഷ തള്ളി. ഇതിനെതിരെയാണ് അവർ ചണ്ഡീഗഢിലെ ലേബർ കോടതിയെ സമീപിച്ചത്.

പിന്നീട് 2015 നവംബർ ആറിന് സർക്കാർ തങ്ങളുടെ ഉത്തരവ് പിൻവലിച്ചു. കുടുംബ പെൻഷന് ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെന്ന് 2016 മേയ് 26ന് വ്യക്തമാക്കുകയും ചെയ്തു. അതോടെ അവരുടെ കേസ് നിരസിക്കപ്പെട്ടു. എന്നാൽ ആവശ്യമായ രേഖകൾ നൽകിയാൽ കേസ് പുനഃപരിശോധിക്കാമെന്നും ലേബർ കോടതി ഉറപ്പുനൽകി. 2016 ജൂൺ രണ്ടിന് ഡെപ്യൂട്ടി കമീഷണറോട് വരുമാന സർട്ടിഫിക്കറ്റ് നൽകാനും കുടുംബ പെൻഷന് വേണ്ടി അവരുടെ കേസ് വീണ്ടും വിലയിരുത്താനും അപേക്ഷ നൽകാൻ ലേബർ കോടതി സർക്കാറിനോട് നിർദേശിച്ചു. തുടർന്ന് വരുമാന സർട്ടിഫിക്കറ്റിനായി പരാതിക്കാരി റവന്യൂ തഹസിൽദാരെ സമീപിച്ചു.

പഞ്ചാബ് സിവിൽ സർവീസ് റൂൾസ് വാല്യം (II), റൂൾ 6.17 (IV), വിശദീകരണം (2) അനുസരിച്ച്, 2016 ആഗസ്റ്റ് 30ന് തഹസിൽദാർ (റവന്യൂ) അവരുടെ ഭർത്താവിന്റെ വരുമാന സർട്ടിഫിക്കറ്റ് നൽകി. പ്രതിവർഷം 4,22,502 രൂപയായിരുന്നു ഭർത്താവിന്റെ വാർഷിക വരുമാനം. പ്രതിമാസ വാർഷിക പരിധിയായ 3,500 രൂപയും ക്ഷാമബത്തയും എന്നതിനേക്കാൾ കൂടുതലാണ് അതെന്ന് കാണിച്ച് 2017 മേയ് എട്ടിന് പരാതിക്കാരിക്ക് കുടുംബ പെൻഷന് അർഹതയില്ലെന്ന് വ്യക്തമാക്കി ലേബർ കോടതി കത്ത് നൽകി. ഈ ഉത്തരവിനെതിരെയാണ് പരാതിക്കാരി 2025 മേയ് 21ന് ഹൈകോടതിയെ സമീപിച്ചത്.

പിതാവ് മരിക്കുമ്പോൾ ഭിന്നശേഷിക്കാരിയായ പരാതിക്കാരി അവിവാഹിതയായിരുന്നുവെന്നും പിന്നീടാണ് സർക്കാർ ജീവനക്കാരനായ ആളെ വിവാഹം കഴിച്ചതെന്നും കോടതി കണ്ടെത്തി.വിവാഹ ശേഷം പരാതിക്കാരിക്ക് പിതാവിന്റെ കുടുംബ പെൻഷന് അർഹതയില്ലെന്നും ഭർത്താവിന് വരുമാനമുണ്ടെന്നുമാണ് സർക്കാറിന്റെ പ്രധാന വാദമെന്ന് വിലയിരുത്തിയ കോടതി അതൊന്നും പെൻഷൻ നൽകാതിരിക്കാനുള്ള മതിയായ കാരണങ്ങളല്ലെന്നും ചൂണ്ടിക്കാട്ടി. ജോലി ചെയ്ത് ജീവിക്കാൻ കഴിയാത്ത രീതിയിലുള്ള ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന പരാതിക്കാരി വിവാഹിതയാണെങ്കിൽ പോലും എന്തുകൊണ്ടും പെൻഷന് അർഹയാണെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Married daughter denied family pension by govt after father's death; case wins in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.