ഇന്ത്യയിൽ ദാമ്പത്യ കലഹങ്ങൾ കഠിനം; മാതാപിതാക്കൾ കുട്ടികളെ സ്വകാര്യ സ്വത്തുക്കളായി കണക്കാക്കുന്നു -ബോംബെ ഹൈകോടതി

മുംബൈ: ഇന്ത്യയിൽ ദാമ്പത്യ കലഹങ്ങൾ ഏറ്റവും കഠിനമായിരിക്കുകയാണെന്നും വേർപെട്ടു കഴിയുന്ന ദമ്പതികൾ കുട്ടികളെ സ്വകാര്യ സ്വത്തുക്കളായി കരുതുകയാണെന്നും ബോംബെ ഹൈകോടതി. പിതാവിനും മൂത്ത സഹോദരങ്ങൾക്കുമൊപ്പം 10 ദിവസം ചെലവഴിക്കാനായി 15 വയസുള്ള മകനെയും കൊണ്ട് യുവതി തായ്‍ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ സംജാതമായ സംഭവം ശ്രദ്ധയിൽ പെടുത്തിയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇതു സംബന്ധിച്ച് കുട്ടിയുടെ പിതാവാണ് ​ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.ഡി ധാനുക, ഗൗരി ഗോഡ്സെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. തായ്‍ലൻഡിൽ അമ്മക്കൊപ്പമാണ് 15 കാരൻ താമസിക്കുന്നത്. പിതാവിനെയും സഹോദരങ്ങളെയും കാണാൻ ഈ കുട്ടിക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

രക്ഷിതാക്കൾ തമ്മിലുള്ള കലഹത്തിന്റെ ഇരയാണ് ഈ കുട്ടി. നമ്മുടെ രാജ്യത്ത് ദമ്പതികൾ തമ്മിലുള്ള തർക്കങ്ങളാണ് ഏറ്റവും കഠിനമായ എതിർ വ്യവഹാരങ്ങൾ. ഭിന്നിച്ചു കഴിയുന്ന ദമ്പതികൾക്ക് കുട്ടികളെ കാണിക്കാതിരിക്കാൻ പല കാരണങ്ങളുമുണ്ടാകും. കുട്ടികളെ അവർ സ്വകാര്യ സ്വത്തുക്കളെ പോലെയാണ് കാണുന്നത്. ഇത്തരം കേസുകളിൽ കോടതിയുടെ ഇടപെടൽ നിർണായകമാണെന്നും കോടതി വിലയിരുത്തി.

അഭിഭാഷകനായ റോഹാൻ കാമ വഴിയാണ് യുവാവ് കോടതിയെ സമീപിച്ചത്. കുടുംബ കോടതിയും ഹൈകോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾക്കു ശേഷമാണ് ദമ്പതികളുടെ മക്കളിൽ മൂത്തവരായ പെൺകുട്ടിയും ആൺകുട്ടിയും പിതാവിനൊപ്പവും ഇളയ മകൻ മാതാവിനൊപ്പവും കഴിയാൻ അനുവദിക്കപ്പെട്ടത്. ഈ കുട്ടിയെ കാണാൻ പിതാവിനും രണ്ട് സഹോദരങ്ങൾക്കും മുത്തശ്ശിക്കും മുത്തശ്ശനും അവസരമൊരുക്കണമെന്ന് കുടുംബ കോടതി കഴിഞ്ഞ വർഷം വിധി പുറപ്പെടുവിച്ചതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വേനലവധിക്കാലത്ത് തായ്‍ലൻഡിൽ നിന്ന് മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാണ് പിതാവിന്റെ ആവശ്യം. എന്നാൽ വേനലവധിക്കാലത്ത് കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തയാറാണെന്നും അതേസമയം അവധി കഴിഞ്ഞ് സുരക്ഷിതമായി തിരിച്ചു പോകാൻ തനിക്കും മകനും സാഹചര്യമൊരുക്കണമെന്നും മുതിർന്ന അഭിഭാഷകനായ സന്തോഷ് പോൾ വഴി യുവതി കോടതിയോട് അഭ്യർഥിച്ചു. കുട്ടികളെ ഒരിക്കലും അവരവരുടെ സ്വകാര്യ സ്വത്തുക്കളായി കണക്കാനാവില്ലെന്നും സ്വന്തം മക്കളുടെ ജീവിതം എന്താവണമെന്ന് തീരുമാനിക്കുന്നതിൽ മാതാപിതാക്കൾക്ക് തുല്യമായ അവകാശമുണ്ടെന്നും ഏറ്റവും പരമമായ പരിഗണന കുട്ടികളുടെ ക്ഷേമത്തിനായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

15 വയസുള്ള കുട്ടിക്ക് സുവ്യക്തമായ ചിന്തകളുണ്ടായിരിക്കുമെന്നും തന്റെ ഭാവിയെ കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Marital disputes most bitterly fought in India children treated as chattel or property Bombay HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.