മുസമ്മിൽ ഇമാം, ഷർജീൽ ഇമാം

'ഞങ്ങൾ എന്ത് സംസാരിക്കാനാണ്? പറയുന്നതെല്ലാം വളച്ചൊടിക്കുന്നു'; ഷർജീൽ ഇമാമിനെക്കുറിച്ചുള്ള മൗനത്തിൽ കുടുംബത്തിന്റെ മറുപടി

സിഎഎ പ്രക്ഷോഭകാലത്തെ മറ്റ് ആക്ടിവിസ്റ്റുകളുടെ കുടുംബങ്ങൾ പൊതുവേദികളിലും മാധ്യമങ്ങളിലും സജീവമായി സംസാരിക്കുമ്പോൾ, എന്തുകൊണ്ട് ഷർജീൽ ഇമാമിന്റെ കുടുംബം അധികം സംസാരിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി നൽകി ഷർജീലിന്റെ കുടുംബാംഗങ്ങൾ. ഭരണകൂടത്തിന്റെ നിരന്തര നിരീക്ഷണവും മാധ്യമങ്ങളുടെ വിചാരണയും സൃഷ്ടിച്ച ഭയവും അവിശ്വാസവുമാണ് തങ്ങളെ നിശ്ശബ്ദരാക്കിയതെന്ന് കുടുംബം തുറന്നുപറയുന്നു. ഷാർജീൽ ഇമാമിന്റെ സഹോദരൻ മുസമ്മിൽ ഇമാം എഴുതിയ പ്രതികരണത്തിലാണ് കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്.

"ഷർജീലിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ, മകന്റെ ജാമ്യസാധ്യതകളെയും സുരക്ഷയെയും അത് ദോഷകരമായി ബാധിക്കുമോ എന്ന ഭയമാണ് ഓരോ നിമിഷവും. ഞങ്ങൾ എന്ത് പറഞ്ഞാലും അത് വിദ്വേഷ പ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റാനാണ് പലരും ശ്രമിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കും മാധ്യമ വിചാരണയ്ക്കുമിടയിൽ സാധാരണക്കാരായ ഒരു കുടുംബത്തിന് മുന്നിൽ അതിജീവനത്തിന് മറ്റ് വഴികളില്ല" കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.

വാക്കുകൾ പോലും മകനെതിരെയുള്ള കുറ്റപത്രങ്ങളായി മാറുന്ന സാഹചര്യത്തിൽ, പുറത്തുള്ള പ്രചാരണങ്ങളേക്കാൾ കോടതിമുറികളിലെ നീണ്ട നിയമപോരാട്ടത്തിലും പ്രാർത്ഥനകളിലുമാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസാരിക്കാതിരിക്കുന്നത് മകനെ കൈവിട്ടതുകൊണ്ടല്ല, മറിച്ച് അനിശ്ചിതമായി നീളുന്ന തടവറയിൽ അവന്റെ സുരക്ഷയും മോചനവും മാത്രമാണ് തങ്ങൾക്ക് വലുതെന്ന ബോധ്യം കൊണ്ടാണെന്നും വേദനയോടെ കുടുംബം ഓർമിപ്പിക്കുന്നു.

"ഞങ്ങൾ ഓരോ തവണ മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോഴും വാക്കുകൾ അടർത്തിയെടുത്ത് ഷർജീലിനെ വീണ്ടും വീണ്ടും കൂടുതൽ അപകടകരമായ രീതിയിൽ ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. രോഗബാധിതയായ ഉമ്മയും തളർന്ന കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. സ്വന്തം വീടിന്റെ പടിവാതിലിൽ പോലും അവിശ്വാസത്തോടെ ആളുകൾ നോക്കുമ്പോൾ, പൊതുവേദികളിൽ വന്ന് നിലവിളിക്കാൻ സാധാരണക്കാരായ ഞങ്ങൾക്ക് എങ്ങനെ ധൈര്യം ലഭിക്കും? ഈ നിശ്ശബ്ദത തങ്ങളുടെ തീരുമാനമല്ല, മറിച്ച് സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ച അരക്ഷിതാവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പൊതുസമൂഹത്തിന്റെ കാമ്പെയ്നുകൾ പലപ്പോഴും ഏതാനും ദിവസങ്ങളിലെ ലൈക്കുകളിലും ചർച്ചകളിലും ഒതുങ്ങിപ്പോകുമ്പോൾ, കേസിന്റെ ഭാരവും ഒറ്റപ്പെടലും കോടതി വരാന്തകളിലെ അനന്തമായ കാത്തിരിപ്പും കുടുംബം മാത്രമാണ് ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത്. പൊതുവേദികളിലെ വൈകാരിക പ്രതികരണങ്ങൾ കേസിന്റെ നിയമപരമായ നടപടികളെ ദോഷകരമായി ബാധിക്കാതിരിക്കാൻ മൗനം ഒരു കവചമായി സ്വീകരിക്കേണ്ടി വരികയാണെന്നും, ജനാധിപത്യപരമായ വിചാരണയിലൂടെ മകന്റെ നിരപരാധിത്വം തെളിയുമെന്ന പ്രതീക്ഷ മാത്രമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും കുടുംബം കൂട്ടിച്ചേർക്കുന്നു.

Tags:    
News Summary - "Why Are We Not Speaking?" Sharjeel Imam's Family Explains the Fear and Trauma Behind Their Silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.