ശശി തരൂർ
നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിലും നാശനഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വിവാദത്തിലേക്ക്. ദുരന്തത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച 'ഡ്രാമ' എന്ന വാക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധവും വിമർശനവുമാണ് ഉയർന്നുവരുന്നത്.
താൻ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് വിമാനമാർഗ്ഗം എത്തുമ്പോൾ അവിടെ നടന്ന വൻ തകർച്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് എക്സിലെ കുറിപ്പിൽ തരൂർ വ്യക്തമാക്കി. ദുരന്തബാധിതരോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെ പൂർണ്ണമായും പിന്തുണക്കുകയും ചെയ്തു.
‘മലനിരകളിൽ അരങ്ങേറിയ ഈ 'നാടകത്തെക്കുറിച്ചും' അത് വരുത്തിവെച്ച വൻ തകർച്ചയെക്കുറിച്ചും യാതൊരു വിവരവുമില്ലാതെയാണ് ഞാൻ ഇന്നലെ കാഠ്മണ്ഡുവിലേക്ക് വിമാനം കയറിയത്. ഇവിടെ എത്തിയ ശേഷമാണ് വലിയ ജീവഹാനിയെക്കുറിച്ചും രണ്ടായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്ന വിവരവും അറിയുന്നത്.
ഇരമ്പിയെത്തിയ പ്രളയജലം കുറഞ്ഞത് 19 പാലങ്ങൾ തകർക്കുകയും ബത്രവതി-രസുവഗാഥി ഹൈവേയുടെ 40 കിലോമീറ്ററോളം ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തു. പ്രവർത്തിച്ചുകൊണ്ടിരുന്ന എട്ട് ജലവൈദ്യുത പദ്ധതികൾക്ക് വലിയ നാശനഷ്ടമുണ്ടായി. നേപ്പാളിന് അടിയന്തര സഹായം നൽകാനുള്ള ഭാരത സർക്കാരിന്റെ തീരുമാനത്തെ ഞാൻ പൂർണ്ണമായി പിന്തുണക്കുന്നു. നേപ്പാളിന് ഇപ്പോൾ സാധ്യമായ എല്ലാ സഹായങ്ങളും ആവശ്യമാണ്.
ദുരന്തത്തിൽപെട്ടവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. കൈലാസ മാനസസരോവർ യാത്രയിലായിരുന്ന നൂറോളം പേർ അടക്കം ധാരാളം ഇന്ത്യൻ വിനോദസഞ്ചാരികളും ഇതിൽ ഉൾപ്പെടുന്നു. കാണാതായവർക്കായി പ്രാർത്ഥിക്കുന്നു. അവർ എത്രയും വേഗം രക്ഷപ്പെടട്ടെ. തരൂർ എക്സിൽ കുറിച്ചു.
കൈലാസ മാനസസരോവർ യാത്രക്ക് പോയ നൂറോളം പേർ അടക്കമുള്ള ഭാരതീയരുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. എന്നാൽ ഈ കുറിപ്പിലെ വാഗ്പ്രയോഗങ്ങളാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് ശശി തരൂരിന്റെ ഭാഷാപ്രയോഗത്തിനെതിരെ രംഗത്തെത്തിയത്. ഇത്രയധികം ആളുകൾ മരണപ്പെടുകയും കാണാതാവുകയും ചെയ്ത ഒരു ദുരന്തത്തെ 'ഡ്രാമ' എന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
‘നമ്മൾ പരിസ്ഥിതിയെ നശിപ്പിച്ചു, ഇപ്പോൾ പരിസ്ഥിതി നമ്മെയും നശിപ്പിക്കുന്നു. അത്രതന്നെ," എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "ഇത്രയും മികച്ച ഇംഗ്ലീഷ് പദസമ്പത്തുള്ള ഒരാളിൽ നിന്ന് ഇത്തരമൊരു മോശം വാഗ്പ്രയോഗം പ്രതീക്ഷിച്ചില്ല" എന്ന് മറ്റൊരു വ്യക്തി കുറിച്ചു. "ഡ്രാമയോ? ഇത്രയും വലിയൊരു ഭാഷാ വിദഗ്ദ്ധനായ താങ്കൾക്ക് ഒടുവിൽ കിട്ടിയ വാക്ക് ഇതാണോ?" എന്ന് മറ്റൊരാൾ ചോദിച്ചു. ഭാഷാ വൈദഗ്ധ്യത്തിന് പേരു കേട്ട തരൂരിൽ നിന്ന് ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങൾ ഉണ്ടായതാണ് പ്രതിഷേധം ഇത്രത്തോളം രൂക്ഷമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.