റായ്പൂർ: പ്രമുഖ മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിഡ്മ കൊല്ലപ്പെട്ടത് പൊലീസുമായുള്ള ഏറ്റുമുട്ടലിലല്ലെന്നും പൊലീസ് കൊലപ്പെടുത്തിയതാണെന്നും ഛത്തീസ്ഗഡിലെ ട്രൈബൽ ആക്ടിവിസ്റ്റ് സോണി സോരിയും മാവോയിസ്റ്റ് ബന്ധമുള്ള സാമൂഹിക സംഘടനകളും ആരോപിച്ചു.
ആന്ധ്രാപ്രദേശിൽ വച്ചാണ് ഹിഡ്മ കൊല്ലപ്പെടുന്നത്. അവിടത്തെ പൊലീസാണ് ഇദ്ദേഹം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചതെന്ന് പറഞ്ഞത്. എന്നാൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഈ സംഘടനകൾ ആവശ്യപ്പെടുന്നു.
എന്നാൽ ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി ഈ ആരോപണം നിഷേധിച്ചു. ഹിഡ്മക്ക് വീരപരിവേഷം നൽകാൻ സംഘടനകൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
സി.പി.ഐ (എം.എൽ) സെൻട്രൽ കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷൽ സോൺ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു കൊല്ലപ്പെട്ട ഹിഡ്മ.
നവംബർ 18 നാണ് ഇദ്ദേഹവും ഭാര്യയും കൊല്ലപ്പെടുന്നത്. ഒപ്പം നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ആന്ധ്രയിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽപെട്ട മരദുമില്ലി വനത്തിൽവച്ചാണ് ഇവർ കൊല്ലപ്പെടുന്നത്. പൊലീസിന്റെ തിരച്ചിൽ നടക്കുന്നതിനിടെ ഇവർ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് സോണി സോരി ആരോപിക്കുന്നു.
കാരണം അഞ്ചുപേർ മാത്രമായി ഇവർ സഞ്ചരിക്കാറില്ല. ഇവർ വെടിവെച്ചെങ്കിൽ ഏതെങ്കിലും സെക്യൂരിറ്റി ജീവനക്കാരന് പരിക്കേൽക്കുകയില്ലായിരുന്നോ. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല. ഇത് ശരിക്കുള്ള ഏറ്റുമുട്ടലായിരുന്നെങ്കിൽ ഉറപ്പായും പരിക്കേൽക്കുമായിരുന്നു. ഹിഡ്മയെ പിടികൂടിയ ശേഷം പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നെന്ന് സി.പി.ഐയുടെ മുൻ എം.എൽ.എ മനീഷ് കുഞ്ജം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.