ഇംഫാൽ: ദിവസങ്ങളായി കലാപം തുടരുന്ന മണിപ്പൂരിൽ കർഫ്യൂവിൽ ഇളവ് വരുത്തിയതോടെ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലും മറ്റു പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ അഞ്ചു മുതൽ എട്ടുവരെ മൂന്നു മണിക്കൂറാണ് കർഫ്യൂവിൽ ഇളവ് നൽകിയത്.
ഇതോടെ ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങി. ഇംഫാലിൽ ഉൾപ്പെടെ രാവിലെ കാറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പുരിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പെട്രോൾപമ്പുകളിൽ കാറുകളുടെയും മറ്റു വാഹനങ്ങളുടെയും നീണ്ട നിര കാണാമായിരുന്നു.
അതേസമയം, സംസ്ഥാനത്തും മ്യാന്മർ അതിർത്തിയിലും ഡ്രോണുകളും ഹെലികോപ്ടറുകളും നിരീക്ഷണം തുടർന്നു. സൈന്യവും അർധസൈനിക വിഭാഗവും മണിപ്പൂരിന്റെ പല പ്രദേശങ്ങളിലും ഫ്ലാഗ് മാർച്ച് നടത്തി. കലാപം നിയന്ത്രിക്കാൻ സൈന്യവും അർധസൈനികരും പൊലീസും ഉൾപ്പെടെ പതിനായിരത്തോളം സുരക്ഷസേനാംഗങ്ങളെയാണ് വിന്യസിച്ചത്. മണിപ്പൂരിന്റെ രാജ്യാന്തര അതിർത്തിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളിൽനിന്ന് സൈന്യം 23,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. മെയ്തേയി വിഭാഗത്തിന് പട്ടികവർഗപദവി നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സംഘർഷം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.