ന്യൂഡൽഹി: രണ്ടു മാസത്തിലേറെയായി മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം വീണ്ടും ചർച്ചയിൽ. മറ്റു രാജ്യങ്ങൾ പ്രതിഷേധിക്കുന്നതിലേക്ക് മണിപ്പൂർ സാഹചര്യങ്ങൾ വളരുമ്പോൾ തന്നെയാണ് പ്രധാനമന്ത്രിയുടെ മൗനം.
മണിപ്പൂർ കലാപത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് യൂറോപ്യൻ യൂനിയൻ പാർലമെന്റ് പ്രമേയം പാസാക്കിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ മറ്റു രാജ്യങ്ങൾ ഇടപെടാതിരിക്കുന്നതാണ് ഉചിതമെന്നാണ് വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. അതേസമയം, ആഭ്യന്തരമായി കത്തുന്ന വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോടും മോദിയുടെ പ്രതികരണം മൗനമാണ്.
പ്രധാനമന്ത്രി ഫ്രാൻസിനു പോയ ശേഷമാണ് ഡൽഹിയിൽ പ്രളയസ്ഥിതി ഉണ്ടായത്. പാരിസിൽനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ച് പ്രധാനമന്ത്രി ഉത്കണ്ഠ പങ്കുവെച്ചിരുന്നു. പ്രളയത്തെക്കുറിച്ച് ആശങ്കപ്പെടുന്നതുപോലെ, മണിപ്പൂർ കത്തുന്ന കാര്യത്തിലും പ്രധാനമന്ത്രിക്ക് ഉത്കണ്ഠ ഉണ്ടാകേണ്ടതല്ലേ എന്നാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ചോദിച്ചത്. മണിപ്പൂരിനെക്കുറിച്ച് മിണ്ടില്ലെന്ന് പ്രതിജ്ഞയെടുത്ത പോലെയാണ് പ്രധാനമന്ത്രിയുടെ മൗനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കണമെന്നാണ് യൂറോപ്യൻ പാർലമെന്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഹിന്ദു ഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കലാപത്തിനു പിന്നിൽ. ചുരുങ്ങിയത് 120 പേർ മരിക്കുകയും 50,000ത്തിൽപരം പേർ അഭയാർഥികളായി മാറുകയും ചെയ്തു. 250 ചർച്ചുകൾ നശിപ്പിച്ചു -പ്രമേയത്തിൽ പറഞ്ഞു.
ഇത്തരമൊരു പ്രമേയം വരാതിരിക്കാൻ ഇന്ത്യ നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ അത് വകവെക്കാതെയാണ് പ്രമേയം പാസാക്കിയത്. മണിപ്പൂർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് വിദേശകാര്യ വക്താവ് വിനയ് ക്വാത്ര ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.