രണ്ട് സംസ്ഥാനത്തെ ആളുകൾ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽനിന്നും രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും രൂക്ഷമായ പ്രതികരണം ഉണ്ടായത്. 'ഹിന്ദി തെരിയാത്, പോടാ' എന്ന തലവാചകത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം കനത്തിരിക്കുകയാണ്.
ഇതിനിടെയാണ് മണിപ്പൂരിൽനിന്ന് അൽഭുതപ്പെടുത്തുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ചതിന് മണിപ്പൂരിലെ കോൺഗ്രസ് നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്തിരിക്കുന്നു.
ഇംഫാൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ അഭിഭാഷകൻ കൂടിയായ സനൂജം ശ്യാംചരൺ സിങ്ങിനെതിരെയാണ് എൻ. ബിരേൻ സിങ് സർക്കാർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് വക്താവാണ് സനൂജം ശ്യാംചരൺ. ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ എം. ഭരിഷ് ശർമ ഏപ്രിൽ 11ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണിപ്പൂർ പൊലീസ് ആണ് കേസെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ, ഇംഫാൽ പൊലീസിന്റെ ഒരു സംഘം ഏപ്രിൽ 12ന് പുലർച്ചെ ഒരു മണിയോടെ സനൂവിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് ജാമ്യം ലഭിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 505 (പൊതു ജനദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമാണ് സനുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദി വിഷയത്തിൽ പ്രാദേശിക ചാനൽ നടത്തിയ ചർച്ചയിലാണ് സനൂ അഭിപ്രായപ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.