ലഖ്നോ: മന്ത്രിമാർക്കൊപ്പം കുംഭമേളയിലെത്തി സ്നാനം നടത്തി മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. വ്യാഴാഴ്ചയാണ് സ്നാനത്തിനായി അദ്ദേഹം എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ സ്നാനം നടത്തുന്ന വിഡിയോ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. ത്രിവേണ സംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ പുണ്യസ്നാനം.
കുംഭമേള വെറുമൊരു മേള മാത്രമല്ല. ഇന്ത്യൻ വിശ്വാസത്തിന്റേയും സംസ്കാരത്തിന്റേയും മഹത്തായ സംഗമം കൂടിയാണ് അത്. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഊർജം കൂടിയാണ് കുംഭമേളയെന്നും ബിരേൻ സിങ് പറഞ്ഞു.തനിക്കൊപ്പം മന്ത്രിമാരും എം.എൽ.എമാരുമുണ്ട്. ജനങ്ങളുൾക്കും രാജ്യത്തിനും അനുഗ്രഹം തേടി പ്രാർഥിക്കാനാണ് താൻ ഇവിടെ എത്തിയത്. നല്ലൊരു ഭാവിക്ക് കുംഭമേളയിലെ ഒത്തുചേരൽ സഹായിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രി ശ്രീപദ് നായികും കുംഭമേളയിൽ സ്നാനം ചെയ്യാനായി ഇന്ന് എത്തി. കുംഭമേള നടത്തുന്നതിനായി യോഗി ആദിത്യനാഥ് സർക്കാർ നടത്തിയ മുന്നൊരുക്കങ്ങളേയും കേന്ദ്രമന്ത്രി പ്രകീർത്തിച്ചു. ആധുനിക സൗകര്യങ്ങളാണ് കുംഭമേളക്കായി യോഗി സർക്കാർ ഒരുക്കിയിരിക്കുന്നത്. ഡ്രോണുകളിലൂടെയും സി.സി.ടി.വി കാമറകളിലൂടേയും സർക്കാർ നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിലെത്തി സ്നാനം നടത്തിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അദ്ദേഹം സ്നാനത്തിന് എത്തിയത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, കിരൺ റിജിജ്ജു തുടങ്ങിയ നിരവധി പ്രമുഖർ സ്നാനത്തിനായി കുംഭമേളയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.