മണിപ്പൂരിൽ നഗ്നരാക്കപ്പെട്ട സ്ത്രീകൾ പൊലീസ് ജീപ്പിൽ അഭയം തേടിയെങ്കിലും സഹായിച്ചില്ല; ഗുരുതര ​വെളിപ്പെടുത്തലുമായി സി.ബി.ഐ കുറ്റപത്രം

ഇംഫാല്‍: വംശീയകലാപം നടന്ന മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സി.ബി.ഐ കുറ്റപത്രം. കുറ്റകൃത്യം നടക്കുമ്പോൾ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇരകൾ പൊലീസിന്റെ വാഹനത്തിൽ അഭയം പ്രാപിച്ചപ്പോൾ വാഹനത്തിന്റെ താക്കോൽ ഇല്ലെന്ന് പറഞ്ഞ് സഹായിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

കുക്കി-സോമി വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ കത്തിച്ചും തകർത്തും അക്രമി സംഘം താണ്ഡവമാടിയപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങൾ കാട്ടിലൊളിച്ചു. ആയുധങ്ങളുമായി പിന്നാലെയെത്തിയ അക്രമികൾ ഇവരെ കാട്ടിൽനിന്ന് തുരത്തി. സംഘങ്ങളായി തിരിഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അപമാനിച്ചു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു.

ഇതിൽ രണ്ട് സ്ത്രീകൾ പൊലീസിന്റെ ‘ജിപ്സി’ വാഹനത്തില്‍ കയറി രക്ഷിക്കാൻ കരഞ്ഞപേക്ഷിച്ചു. ഇരകളായ രണ്ട് പുരുഷൻമാരും ജിപ്‌സിയിൽ കയറിയിരുന്നു. ഇവരെ സഹായിക്കാതെ പൊലീസ് സ്ഥലംവിട്ടതോടെ അക്രമികൾ ഇരകളെ വാഹനത്തിനുള്ളിൽ നിന്ന് വലിച്ചിറക്കി നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

മേയ് മൂന്നിനാണ് ചുരാചന്ദ്പൂരിൽ സംഭവം നടന്നതെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. ‘കാക്കി യൂണിഫോം ധരിച്ച ഒരു ഡ്രൈവർക്കൊപ്പം രണ്ട് പോലീസുകാർ ജിപ്സിയിലും മൂന്ന് നാല് പോലീസുകാർ പുറത്തും ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമടക്കം നാല് ഇരകളാണ് ജീപ്പിൽ അഭയം തേടിയത്. ഇരകളിലൊരാൾ വാഹനം സ്റ്റാർട്ട് ചെയ്യാൻ പോലീസുകാരോട് അഭ്യർത്ഥിച്ചപ്പോൾ 'താക്കോൽ ഇല്ല' എന്നായിരുന്നു ഡ്രൈവറുടെ മറുപടി. അതിനിടെ ഇവരിൽ ഒരാളെ അക്രമികൾ വലിച്ചിഴച്ച് വളഞ്ഞിട്ട് മർദിക്കാൻ തുടങ്ങി. അയാളെ രക്ഷിക്കാനും തങ്ങളെ സഹായിക്കാനും ജീപ്പിലുള്ളവർ പൊലീസുകാരോട് ആവർത്തിച്ച് അപേക്ഷിച്ചു, എന്നാൽ പൊലീസ് കേട്ടഭാവം നടിച്ചില്ല. കുറച്ചുകഴിഞ്ഞ് വാഹനം മുന്നോട്ടെടുത്ത ജിപ്‌സിയുടെ ഡ്രൈവർ 1,000ത്തോളം പേരുള്ള അക്രമാസക്തമായ ജനക്കൂട്ടത്തിന് സമീപം വാഹനം നിർത്തി. ഇവിടെ നിർത്തല്ലേയെന്ന് ഇരകളിലൊരാൾ കേണപേക്ഷിച്ചപ്പോൾ പൊലീസ് വായടക്കാൻ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം അക്രമികൾ വളഞ്ഞിട്ട് മർദിച്ചയാളുടെ ശ്വാസം നിലച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് സഹപ്രവർത്തകരോട് പറഞ്ഞു. ഇത് കേട്ട് ജീപ്പിലുണ്ടായിരുന്ന ഇരയായ പുരുഷൻ കൂടെയുള്ള സ്ത്രീയോട് തന്റെ പിതാവിനെ അവർ മർദിച്ചു കൊന്നുവെന്ന് പറഞ്ഞു. പിന്നാലെ, വൻ ജനക്കൂട്ടം പൊലീസ് ജിപ്‌സിക്ക് നേരെ തിരിഞ്ഞു. അവർ രണ്ട് സ്ത്രീകളെയും പുരുഷനെയും വലിച്ച് പുറത്തിട്ടു. ഇരകളെ അക്രമിസംഘത്തിന് വിട്ടുകൊടുത്ത് പൊലീസുകാർ സ്ഥലം വിട്ടു. രണ്ട് സ്ത്രീകളുടെയും വസ്ത്രങ്ങൾ അക്രമികൾ വലിച്ചുകീറി നഗ്നരായി നടത്തിച്ചു. പുരുഷനെ ക്രൂരമായി മർദിക്കാൻ തുടങ്ങി” -സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.

സംഭവത്തിൽ ഒക്ടോബറിൽ ഗുവാഹത്തിയിലെ പ്രത്യേക കോടതിയിൽ പ്രതികളായ ആറ് യുവാക്കൾക്കും പ്രായപൂർത്തിയാകാത്ത ഒരാൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Tags:    
News Summary - Manipur chargesheet: Women paraded naked made it to police Gypsy but told no key, left to the mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.