ബംഗളൂരു: ഇടപാടുകാർ പൊതുസ്ഥലത്ത് വെച്ച് കൈയ്യേറ്റം ഴെചയ്തതിന് പിന്നാലെ ധനകാര്യസ്ഥാപന ഉടമ ആത്മഹത്യ ചെയ്തു. തലഗട്ടപുര സ്വദേശിയായ രാജണ്ണയാണ് ദക്ഷിണ ബംഗളൂരുവിലെ യേലചനഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിലെ ഓഫീസിൽ തൂങ്ങിമരിച്ചത്.
പണം മടക്കി നൽകാൻ ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയ മൂന്ന് പേരുടെ പേര് രാജണ്ണ ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്ന് രാജണ്ണ ആത്മഹത്യ കുറിപ്പിൽ വിവരിക്കുന്നുണ്ട്. ജോലിക്കാരിൽ ഒരാളാണ് ഓഫീസിലെ സീലിങ് ഫാനിൽ രാജണ്ണയെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്.
ചിട്ടിക്കമ്പനി, പലിശക്ക് പണം കൊടുക്കുക, വെൽഡിങ് എന്നീ ബിസിനസുകൾ രാജണ്ണ ചെയ്തിരുന്നു. കോവിഡ് വന്നതോടെ ആളുകൾ പണം മടക്കി നൽകാതെയായി. നഷ്ടം നേരിട്ട് സാമ്പത്തിക പ്രതിസന്ധിയിലായതോടെ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിത്തുടങ്ങി. ചിട്ടിക്കമ്പനിയിൽ പണം നിക്ഷേപിച്ചവർ പണം തിരികെ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്.
പണം ലഭിക്കാതെ വന്നതോെട നിക്ഷേപകർ സെൻട്രൽ ക്രൈംബ്രാഞ്ചിനെ സമീപിച്ചു. പണം നൽകിയതായി കാണിക്കുന്ന രേഖകൾ ഇല്ലാത്തതിനാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് അവർ പറഞ്ഞു. ഇതോടെയാണ് മൂന്ന് നിക്ഷേപകർ പൊതുമധ്യത്തിൽ വെച്ച രാജണ്ണയെ അപമാനിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇതിൽ രാജണ്ണ അതീവ ദുഖിതനായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. മൂന്ന് നിക്ഷേപകർക്കെതിരെ കുമാരസ്വാമി ലേഔട്ട് പൊലീസ് കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.