ഗണപതി, മന്ത്രി കെ.ജെ. ജോർജ്
മംഗളൂരു: ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച മംഗളൂരു വെസ്റ്റേൺ ഐ.ജി ഓഫിസ് ഡി.വൈ.എസ്.പിയായിരുന്ന എം.കെ. ഗണപതിയുടെ (51) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് ബേള എം. ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് 2020ലെ കർണാടക ഹൈകോടതിയുടെ ഉത്തരവ് ശരിവെച്ച് വിധി പ്രസ്താവിച്ചത്. ഹൈകോടതി വിധിക്കെതിരെ ഗണപതിയുടെ കുടുംബമാണ് സുപ്രീംകോടതിയിൽ അപ്പീൽ ഹരജി സമർപ്പിച്ചത്.
കർണാടക ഊർജ മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ്, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്ന എ.എം. പ്രസാദ്, പ്രണബ് മൊഹന്തി എന്നിവർ പ്രതികളായ കേസാണിത്. കുടക് മടിക്കേരിയിലെ ലോഡ്ജിൽ 2016 ജൂലൈ ഏഴിന് ജീവനൊടുക്കും മുമ്പ് പ്രാദേശിക ചാനലിന് ഡിവൈ.എസ്.പി നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയെ ഉൾപ്പെടെ പ്രതി ചേർത്തത്. മടിക്കേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ വിനായക് ലോഡ്ജിൽ മുറി വാടകക്കെടുത്ത ഗണപതി ഉച്ചയോടെ പൂർണ യൂനിഫോമിൽ ലോഡ്ജിൽനിന്ന് ഇറങ്ങി ഒരു സ്വകാര്യ പ്രാദേശിക ടി.വി ചാനലിന് അഭിമുഖം നൽകുകയായിരുന്നു. അന്നത്തെ എ.ഡി.ജി.പി എ.എം പ്രസാദ്, ഡി.ഐ.ജിയായിരുന്ന പ്രണബ് മൊഹന്തി, ആഭ്യന്തര മന്ത്രിയായിരുന്ന കെ.ജെ. ജോർജ് എന്നിവർ തന്നെ പീഡിപ്പിച്ചുവെന്നും അവരിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നുമാണ് അഭിമുഖത്തിൽ ഗണപതി പറഞ്ഞിരുന്നത്.
പിന്നീട് ലോഡ്ജിലെത്തി യൂനിഫോമിൽ തന്നെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചു. അഭിമുഖത്തിലെ ആരോപണം മുൻനിർത്തി മടിക്കേരി ടൗൺ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് എച്ച്.ഡി. കുമാര സ്വാമി മന്ത്രിസഭയിലെ വ്യവസായ മന്ത്രി സ്ഥാനം ഒഴിഞ്ഞ കെ.ജെ. ജോർജ് സി.ഐ.ഡി അന്വേഷണത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചതോടെ തിരിച്ചെത്തി ബംഗളൂരു വികസന-നഗരാസൂത്രണ മന്ത്രിയാവുകയായിരുന്നു.
നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഊർജ മന്ത്രിയാണ്. ബി.ജെ.പി ഭരണത്തിൽ മംഗളൂരുവിൽ സർക്ൾ ഇൻസ്പെക്ടറായിരുന്ന ഗണപതിയുടെ നേതൃത്വത്തിൽ വൈദികരേയും കന്യാസ്ത്രീകളേയും ക്രൂരമായി മർദിച്ചിരുന്നു. ആഭ്യന്തര മന്ത്രിയുടെ സംരക്ഷണം ലഭിക്കുമെന്നതിനാൽ തനിക്ക് ആരേയും ഭയമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു മർദനം. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി ജോർജിനും ഐ.പി.എസ് ഉദ്യോഗസ്ഥർക്കുമെതിരെ പുറപ്പെടുവിച്ച വിധിയാണ് കർണാടക ഹൈകോടതിയും ഇപ്പോൾ സുപ്രീംകോടതിയും നിരാകരിച്ചത്.
സ്ഥലം മാറ്റങ്ങളിൽ ഏതൊരു പൊലീസ് ഓഫിസർക്കും സംഭവിക്കാവുന്ന സ്വാഭാവിക പ്രയാസമേ ഗണപതിക്കും ഉണ്ടായുള്ളൂവെന്ന ഹൈകോടതി നിരീക്ഷണം പരമോന്നത കോടതിയും ശരിവെച്ചു. കേസിൽ പ്രതികളായ ഐ.പി.എസ് ഉദ്യോഗസ്ഥർ ഇതിനകം സർവിസുകളിൽനിന്ന് വിരമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.