മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിെട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിെലടുത്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക് ആശുപത്രി പരിസരത്തു നിന്നാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കിയത്. േപാസ്റ്റ്മോർട്ടം വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയവരെ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു.
മീഡിയ വൺ റിപ്പോർട്ടർ ഷബീര്‍ ഉമർ, കാമറാമാൻ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 അടക്കം പത്തോളം വാർത്താ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരുമാണ് കസ്റ്റഡിയിലായത്. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പൊലീസ് നടപടി. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ കമീഷണറേറ്റ് ഒാഫീസിലേക്ക് മാറ്റി. ഇവരെ കേരള -കർണാടക അതിർത്തി കടത്തിവിടാനുള്ള തീരുമാനത്തിലാണ് പൊലീസ്.
മാധ്യമപ്രവർത്തകർ ആശുപത്രി പരിസരത്ത് നിന്ന് കടന്നുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് ലൈവ് റിപ്പോർട്ടിങ് തടസപ്പെടുത്തുകയും ചാനലുകളുടെ കാമറകളും റിപ്പോർട്ടർമാരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. അംഗീകാരമില്ലാത്ത മാധ്യമപ്രവർത്തകർക്ക് മംഗളൂരുവിൽ റിപ്പോർട്ടിങ് അനുവദിക്കില്ല. മലയാളി മാധ്യമപ്രവർത്തകർ സംസ്ഥാനം വിട്ടു പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
മലയാളി മാധ്യമപ്രവർത്തകർ വൈകുന്നേരം വരെ കമീഷണർ ഓഫീസിൽ ഇരിക്കണം. ഇതിന് തയാറല്ലെങ്കിൽ മാധ്യമസംഘത്തെ കേരള -കർണാടക അതിർത്തിയായ തലപ്പാടിയിൽ കൊണ്ടുവിടുമെന്നും പൊലീസ് പറഞ്ഞു. വെൻലോക് ആശുപത്രി പരിസരത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിക്കുന്നത്.
കേരളത്തിൽ നിന്നുള്ളവരാണെന്ന് മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയതെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവ് രാജ ബൊമ്മ ആരോപിച്ചിരുന്നു. മംഗളൂരുവിലെ പൊലീസ് സ്റ്റേഷൻ തീവെക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്. പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് സേനയെ ഉപയോഗിച്ചതെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് മംഗളൂരു ടൗൺഹാൾ പരിസരത്താണ് പ്രക്ഷോഭകർക്കു നേരെ െപാലീസ് വെടിയുതിർത്തത്. മംഗളൂരു കുദ്രോളിയിലെ നൗഫൽ (20), കന്തക്കിലെ അബ്ദുൽ ജലീൽ (40) എന്നിവരാണ് മരിച്ചത്. വെടിയേറ്റുവീണ ഇവരെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.