ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത നിയമ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് വിവാദ നിർദേശമിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ.) ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (നൽസാർ) വിദ്യാർഥികളെയായിരുന്നു വിലക്കിയിരുന്നത്. സംഭവം വലിയ വിവാദമാവുകയും ചീഫ് ജസ്റ്റിസ് അടക്കം രൂക്ഷമായ പ്രതികരണം നടത്തുകയും ചെയ്തതോടെയാണ് ഇപ്പോൾ മനൻ കുമാർ മിശ്ര ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
തന്റെ വാക്കുകളോ കത്തോ നിയമ വിദ്യാർത്ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തിന്റെയോ അഹങ്കാരത്തിന്റെയോ വിഷയമല്ലെന്നും വിദ്യാർഥികളുടെ വികാരങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും മാപ്പപേക്ഷയിൽ ഏതെങ്കിലും സർവകലാശാലയുടെ പേരോ പ്രത്യേക തർക്കങ്ങളോ അദ്ദേഹം നേരിട്ട് പരാമർശിച്ചിട്ടില്ല.
നൽസാറിലെ ബിരുദധാരികളെ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന് എല്ലാ സംസ്ഥാന ബാർ കൗൺസിലുകൾക്കും മനൻ കുമാർ മിശ്ര നൽകിയ നിർദേശമാണ് വലിയ കോലാഹലങ്ങൾക്ക് വഴിവെച്ചത്. ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പങ്കെടുക്കുന്നതിനെതിരെ നടന്ന പ്രചാരണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ പരിശോധിക്കാൻ ഉത്തരവാദികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ ബാർ കൗൺസിൽ അടിയന്തര യോഗം ചേർന്ന് നിർദേശം പിൻവലിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും അതിൽ ബാർകൗൺസിലിന് എന്താണ് കാര്യമെന്നും ചോദിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സംഭവത്തിൽ രൂക്ഷമായ വിമർശനവും ഉന്നയിച്ചിരുന്നു. നൽസാറിലെ വിദ്യാർഥികൾക്കോ അധ്യാപകർക്കോ എതിരേ ഒരു ശിക്ഷാനടപടിയുമെടുക്കരുതെന്ന് സുപ്രീംകോടതി കർശന ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.