ഇന്ത്യൻ പൗരനാണോ എന്നതാണ് പരിശോധിക്കേണ്ടത്: എസ്.ഐ.ആറിൽ പൗരന്മാർ പുറത്തായാൽ പിന്നെ എന്ത് പ്രസക്തി?; തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി
പനാജി: വോട്ടർ ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നുണ്ടോ എന്നതല്ല, ഇന്ത്യൻ പൗരനാണോ എന്നതാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന (എസ്.ഐ.ആർ)യിൽ പരിശോധിക്കേണ്ടതെന്ന് ബോംബെ ഹൈകോടതി. എസ്.ഐ.ആർ നടപടിയിലൂടെ ഇന്ത്യൻ പൗരന്മാർ തന്നെ വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്നുവെങ്കിൽ പിന്നെ ഈ നടപടിയുടെ പ്രസക്തിയെന്തെന്നും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.
ഗോവയിൽ ഇന്ത്യൻ പൗരനായ പരേഷ് സൽഗോങ്കറുടെയും കുടുംബത്തിലെ അഞ്ചുപേരുടെയും പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വാൽമീകി മെനേസസ്, അമിത് ജാംസന്ദേക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. വിലാസം മാറ്റുന്നതിനായി കുടുംബം ഫോം 8 സമർപ്പിച്ചിട്ടും പേരുകൾ നീക്കം ചെയ്തതെങ്ങനെയെന്നും കോടതി ചോദിച്ചു.
ഇന്ത്യൻ പൗരന്മാർ മാത്രമാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഉറപ്പാക്കേണ്ട ഭരണഘടനാപരമായ ബാധ്യത തെരഞ്ഞെടുപ്പ് കമീഷനുണ്ട്. എന്നാൽ, ഈ നടപടിയിലൂടെ പൗരന്മാർ തന്നെ പുറത്താകുന്നുവെങ്കിൽ പിന്നെ ഈ നടപടിയുടെ ഉദ്ദേശ്യമെന്താണെന്നും കോടതി ചോദിച്ചു.
വോട്ടർ ഇന്ത്യൻ പൗരനാണോ എന്നതാണ് എസ്.ഐ.ആറിന്റെ അടിസ്ഥാനപരമായ പരിശോധനയെന്നും പ്രത്യേക സ്ഥലത്ത് വോട്ടർ നിലവിലുണ്ടോ എന്നതല്ല പ്രധാനമെന്നും ബെഞ്ച് വ്യക്തമാക്കി. 1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസിലെ 21-ാം ചട്ടവും കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പരിശോധിക്കേണ്ടതെന്നും കരട് പട്ടികയെ മാത്രം അടിസ്ഥാനമാക്കിയാൽ വോട്ടർക്ക് പരിഹാരമാർഗമില്ലാതാകുമെന്നും കോടതി പറഞ്ഞു.
പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിന് മുമ്പ് കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നോയെന്നും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. വോട്ടർമാരുടെ പുതിയ വിവരങ്ങൾ കമീഷന്റെ കൈവശം ലഭ്യമല്ലാത്തതിനാലാണ് എല്ലാ തലങ്ങളിലുമുള്ള നോട്ടീസ് ബോർഡുകളിൽ അറിയിപ്പ് പ്രസിദ്ധീകരിച്ചതെന്ന് കമീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരീഷ് അഗ്നി പറഞ്ഞു. എന്യുമറേഷൻ ഫോം സമർപ്പിക്കാത്തതിനാൽ കരട് പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവർക്ക് ഫോം 8 പ്രകാരമുള്ള അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് മാർഗനിർദേശമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭാഗത്തെ പുതിയ വോട്ടറെന്ന നിലയിൽ പരേഷ് സൽഗോങ്കറിന് ഫോം 6 സമർപ്പിക്കാമായിരുന്നുവെന്നും എസ്.ഐ.ആറിൽ വോട്ടർപട്ടിക പുതുതായി ആരംഭിക്കുന്നതുപോലെയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കരട് വോട്ടർപട്ടികയിലെ തിരുത്തലിനും വോട്ടറുടെ പേര് ഉൾപ്പെടുത്തുന്നതിനുമുള്ളതാണ് ഫോം എട്ടെന്ന് കോടതി വ്യക്തമാക്കി. നിലവിൽ താമസിക്കുന്ന സ്ഥലത്ത് പേര് ഇല്ലെന്നും അത് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രഖ്യാപിക്കുന്നതിനുള്ളതാണ് ഫോം ആറ് എന്നും ബെഞ്ച് പറഞ്ഞു.
ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് താമസം മാറിയ, നേരത്തെ തന്നെ വോട്ടർപട്ടികയിൽ പേരുള്ള ഒരാളോട് മുൻകൂട്ടി പൂരിപ്പിച്ച എന്യുമറേഷൻ ഫോമിൽ ഫോം 6 പ്രകാരമുള്ള പ്രഖ്യാപനം നടത്താൻ ആവശ്യപ്പെടുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. നിലവിൽ താമസിക്കാത്ത സ്ഥലത്ത് പേര് ഉൾപ്പെടുത്തണമെന്ന് പ്രഖ്യാപിക്കുന്നത് തെറ്റായ പ്രസ്താവനയാകുമെന്നും അത്തരമൊരു പ്രഖ്യാപനം നടത്തിയാൽ നിയമനടപടിക്ക് വിധേയനാകാനുള്ള സാഹചര്യമുണ്ടാകുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരു വോട്ടറും ഇതിൽ ഒപ്പിടാൻ പോകുന്നില്ല. ആ സ്ഥലത്ത് താമസിക്കുന്നില്ലെങ്കിൽ എങ്ങനെയാണ് അവിടെ പേര് ഉൾപ്പെടുത്താൻ അപേക്ഷിക്കുകയെന്നും കോടതി ചോദിച്ചു.
എന്യുമറേഷൻ ഫോമും ഫോമുകൾക്കൊപ്പമുള്ള അനുബന്ധ രേഖകളും ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് ബെഞ്ച് നിർദേശിച്ചു. കേസിലെ വാദം ചൊവ്വാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.