സമരച്ചൂടിൽ ഡൽഹി; ഇൻഡ്യ സഖ്യം എം.പിമാർ കസ്റ്റഡിയിൽ, വൻ പൊലീസ് സന്നാഹം

ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ഡൽഹിയിൽ ഇൻഡ്യ സഖ്യം എം.പിമാരുടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ്. രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. ഇവരെ ആകാശവാണി ഭവനിലേക്ക് മാറ്റി. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഇൻഡ്യ സഖ്യത്തിന്റെ എം.പിമാർ നടത്തിയ മാർച്ചാണ് പൊലീസ് തടഞ്ഞത്. രാവിലെ 10.30 ന് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘സേവ് ഡെമോക്രസി’ പ്രതിഷേധ മാർച്ച് ആരംഭിച്ചു.

മാർച്ച് ആരംഭിച്ചതിന് പിന്നാലെ പൊലീസ് എം.പിമാരെ തടഞ്ഞു.  എ.എ. റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്.

പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 150 ലധികം എം.പിമാരാണ് മാർച്ചിൽ അണിനിരക്കുന്നത്. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പ്രതിഷേധം.

മാർച്ച് സമാധാനപരമായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മാർച്ച് തടയരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മാർച്ചുമായി ബന്ധപ്പെട്ട ഡൽഹിയിൽ കേന്ദ്രം സുരക്ഷ ശക്തമാക്കിയിരുന്നു. പാർലമെന്റ് സ്ട്രീറ്റ്, തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനം, ജന്തർ മന്തർ, ആകാശവാണി തുടങ്ങിയ മേഖലകളിൽ പൊലീസ്, റാപിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിലുള്ള മാർച്ചിൽ ആം ആദ്മി പാർട്ടി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. എസ്.ഐ.ആർ വിഷയത്തിൽ തങ്ങൾ സ്വന്തം നിലയിൽ പ്രതിഷേധം തുടരുകയാണെന്നും ഇത് ജനകീയ വിഷയമായാണ് കാണുന്നതെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. സെപ്റ്റംബർ 30ന് നടന്ന 19 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും എ.എ.പിയും ഡി.എം.കെയും പങ്കെടുത്തിരുന്നില്ല.

ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് കമീഷനിലേക്ക് മാർച്ചും തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനുള്ള നീക്കവുമാണ് ഇൻഡ്യ മുന്നണി നടത്തുക. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും ഗ്യാനേഷ് കുമാറിനെതിരെ നടപടി വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ 3,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 27 കമ്പനി പുരുഷ ഉദ്യോഗസ്ഥരും നാല് കമ്പനി വനിതാ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടും. 

Tags:    
News Summary - INDIA bloc save democracy protest march begins high security in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.