എന്ത് ചെയ്താലും ചോദ്യം ചെയ്യാതിരിക്കാൻ തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് നിയമത്തിന്റെ ഇരുമ്പ് കവചം; ജഡ്ജിമാരേക്കാൾ വിപുലമായ നിയമപരിരക്ഷയോ എന്ന് സുപ്രീം കോടതി
ന്യൂഡൽഹി: 2023ലെ നിയമപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർക്കും മറ്റു കമീഷണർമാർക്കും ലഭിക്കുന്ന നിയമപരിരക്ഷ ജഡ്ജിമാർക്ക് പോലുമില്ലെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് സിഇസി ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തെന്ന് ആരോപിക്കുന്ന ഹർജികളിൽ തിങ്കളാഴ്ച വാദം കേൾക്കുമ്പോഴായിരുന്നു ഇത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മറ്റു തിരഞ്ഞെടുപ്പ് കമ്മിഷണർമാരും (നിയമനം, സേവനവ്യവസ്ഥകൾ, കാലാവധി) നിയമം, 2023 സിഇസിയുടെയും കമ്മിഷണർമാരുടെയും അധികാരവും പരിരക്ഷയും ഗണ്യമായി വർധിപ്പിച്ചെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിങ് വാദിച്ചു. നിയമത്തിലെ 16-ാം വകുപ്പുപ്രകാരം ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴോ മറ്റോ ചെയ്യുന്ന പ്രവൃത്തികളുടെ പേരിൽ സിവിൽ, ക്രിമിനൽ നടപടികൾ പാടില്ല. പദവി ഒഴിഞ്ഞശേഷവും ഈ സംരക്ഷണം തുടരും.
ഇതിനിടെയാണ് ജസ്റ്റിസ് ബാഗ്ചിയുടെ ശ്രദ്ധേയ നിരീക്ഷണമുണ്ടായത്. ‘ഈ നിയമപരിരക്ഷ ഒരുപക്ഷേ രാഷ്ട്രപതിക്കു മാത്രമുള്ളതാണ്. ജഡ്ജിമാർക്കു പോലും ഇതു ബാധകമല്ല’ -അദ്ദേഹം പറഞ്ഞു. ഇതിനോടു യോജിച്ച വികാസ് സിങ്, ‘പ്രധാനമന്ത്രിക്കു പോലും ഇത്തരം ഒരു സംരക്ഷമില്ല’ എന്ന് പ്രതികരിച്ചു. നിയമത്തിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ ‘സുപ്രീം കോടതി ജഡ്ജിമാരെക്കാൾ ഉയർന്ന പീഠത്തിൽ’ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും, മറ്റേതൊരു ഭരണഘടനാ അധികാരസ്ഥാനത്തെക്കാളും ശക്തമാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെന്നും അദ്ദേഹം വാദിച്ചു.
സുപ്രീം കോടതി, ഹൈകോടതി ജഡ്ജിമാർക്ക് സമാന പരിരക്ഷ നൽകുന്നത് ജഡ്ജസ് (പ്രൊട്ടക്ഷൻ) ആക്ട്, 1985 ആണ്. ഔദ്യോഗിക, ജുഡീഷ്യൽ ചുമതല നിർവഹിക്കുമ്പോൾ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങളുടെ പേരിൽ ഒരു സിവിൽ, ക്രിമിനൽ നടപടിയും കോടതികൾ സ്വീകരിക്കരുതെന്ന് അതിലെ 3(1) വകുപ്പ് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് 16-ാം വകുപ്പു നൽകുന്ന പരിരക്ഷയ്ക്കു സമാനമാണിത്.
എന്നാൽ, ജഡ്ജസ് ആക്ടിലെ 3(2) വകുപ്പ്, ജഡ്ജിമാർക്കെതിരെ നിയമപ്രകാരം സിവിൽ, ക്രിമിനൽ, വകുപ്പുതല നടപടികൾ സ്വീകരിക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും മറ്റ് അധികാരസ്ഥാനങ്ങളുടെയും അധികാരം സംരക്ഷിക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷണർക്കുള്ള നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥയില്ല. തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്കു നൽകിയിരിക്കുന്ന ആജീവനാന്ത പരിരക്ഷയെ ചോദ്യം ചെയ്യുന്ന മറ്റൊരു ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന ആരോപണത്തിൽ കമീഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമെന്ന് സുപ്രീംകോടതി ഇന്നലെ അറിയിച്ചിരുന്നു. രണ്ട് കമീഷണർമാരെ മറികടന്ന് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഗ്യാനേഷ് കുമാർ, സഹ കമീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ മനീഷ് ഗാർഗ് ഐ.എ.എസ്, ഐ.ടി വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്ന എന്നിവർ ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം എതിർകക്ഷികളെ കേട്ടശേഷം തീരുമാനിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നത് ഉൾപ്പെടെ തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കാതെ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കി. കമീഷണർമാർക്കുള്ള വിയോജിപ്പുകളെക്കുറിച്ചുള്ള പത്രവാർത്തകൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നിഷേധിച്ചിട്ടില്ലെന്ന് അഭിഭാഷകൻ സിങ് വാദിച്ചെങ്കിലും, വാർത്തകൾ പൂർണമായോ ഭാഗികമായോ ശരിയോ തെറ്റോ ആകാം എന്നതിനാൽ മറുപടി ലഭിച്ച ശേഷം ആവശ്യമായ നടപടികളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കി കോടതി ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഒരുമിച്ച് പരിഗണിക്കാനായി മാറ്റിവെച്ചു. കമീഷന്റെ നടപടിക്രമങ്ങൾ ഐകകണ്ഠമായിരിക്കണമെന്നും ഭിന്നതയുണ്ടായാൽ ഭൂരിപക്ഷാടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നുമാണ് നിയമം പറയുന്നതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.