രാഹുൽ ഗാന്ധിയുടെ ഫോം 6 ആരോപണം; ‘തെറ്റിദ്ധരിപ്പിക്കുന്ന’തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഫോം 6 നിയമവിരുദ്ധമായും ഏകപക്ഷീയമായും മാറ്റിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള (എസ്.ഐ.ആർ) ഉത്തരവിലൂടെയാണ് ഫോം 6നൊപ്പം സത്യവാങ്മൂലം ചേർത്തതെന്നും ഈ നടപടി സുപ്രീംകോടതി ശരിവെച്ചതായും കമ്മീഷൻ വ്യക്തമാക്കി.
വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള ഉത്തരവ് കമ്മീഷന്റെ ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്നും അറിയിച്ചു. എക്സിലെ പോസ്റ്റിലാണ് ഗ്യാനേഷ് കുമാർ ഫോം 6 ‘നിയമവിരുദ്ധമായും ഏകപക്ഷീയമായും മാറ്റിയെന്ന്’ രാഹുൽ ഗാന്ധി ആരോപിച്ചത്. ബി.ജെ.പിയെ സഹായിക്കാൻ ഗ്യാനേഷ് കുമാർ പദവി ദുരുപയോഗം ചെയ്തതിന്റെ മറ്റൊരു തെളിവാണിത്. ജനാധിപത്യത്തിനെതിരായ ഈ ‘കുറ്റകരമായ നീക്കത്തിൽ’ ഉൾപ്പെട്ട ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള എല്ലാവരും ഉത്തരവാദികളാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുത പരിശോധനയുമായി രംഗത്തെത്തിയത്. രാഹുലിന്റെ പോസ്റ്റ് ടാഗ് ചെയ്ത് പോസ്റ്റിലെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നായിരുന്നു കമ്മീഷന്റെ പ്രതികരണം. 2025 ജൂൺ 24നാണ് ബിഹാറിൽ എസ്.ഐ.ആർ നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും 2026 മേയ് 27ലെ വിധിയിലൂടെ സുപ്രീംകോടതി ഇത് ശരിവെച്ചതായും കമ്മീഷൻ വ്യക്തമാക്കി.
2026 സെപ്റ്റംബർ 25ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ഒന്നാം ഭാഗത്തിലെ മൂന്നാം വിഷയത്തിൽ എസ്.ഐ.ആറിനായി ഫോം 6നൊപ്പം ചേർത്ത സത്യവാങ്മൂലം സുപ്രീംകോടതി ശരിവെച്ചതായി വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു. എസ്.ഐ.ആർ നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ഓൺലൈൻ പോർട്ടലുകളിൽനിന്ന് അപേക്ഷകരുടെ മാതാപിതാക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്ന ഈ സത്യവാങ്മൂലം പിന്നീട് പിൻവലിച്ചതായും അറിയിച്ചു.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നവരാണ് ഫോം 6 പൂരിപ്പിക്കുന്നത്. ഓൺലൈൻ ഫോം 6നും അതിനൊപ്പമുള്ള സത്യവാങ്മൂലത്തിനും ഒരേ ഒ.ടി.പി ഉപയോഗിച്ചാണ് സമർപ്പിക്കാനായത്. രണ്ട് രേഖകൾക്കും പ്രത്യേകം ഒ.ടി.പി ആവശ്യപ്പെട്ടിരുന്നില്ല. ഇതാണ് സത്യവാങ്മൂലം ഫോം 6ന്റെ ഭാഗമാണെന്ന തരത്തിലുള്ള വിലയിരുത്തലുകൾക്ക് ഇടയാക്കിയത്.
അതേസമയം വിവിധ സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക പരിഷ്കരണത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ഫോം 6ൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് തിങ്കളാഴ്ച വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഫോം 6ൽ വരുത്തിയ മാറ്റങ്ങൾക്ക് ഞങ്ങൾ അംഗീകാരം നൽകിയിട്ടില്ല. ഇക്കാര്യം വ്യക്തമായിരിക്കണം. രേഖകൾ ഹാജരാക്കുമ്പോൾ ആരാണ് മാറ്റം വരുത്തിയതെന്ന് പരിശോധിക്കാനാണ് ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ബെഞ്ചിന്റെ പരാമർശം.
സെപ്റ്റംബർ 26ലെ വാർത്താക്കുറിപ്പ് വെബ്സൈറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചെന്ന പ്രചാരണവും കമ്മീഷൻ നിഷേധിച്ചിട്ടുണ്ട്. വാർത്താക്കുറിപ്പ് ഇപ്പോഴും വെബ്സൈറ്റിൽ ലഭ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അതിന്റെ ലിങ്കും കമ്മീഷൻ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.