ആദ്യം ബാരിക്കേഡിന് മുകളിൽ കയറി, പിന്നീട് പ്രിയങ്കയോടൊപ്പം ആകാശവാണി ഭവനിൽ; ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ തന്ത്രപരമായ നീക്കം
ന്യൂഡൽഹി: ഇൻഡ്യ സഖ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ രാഹുൽ ഗാന്ധിയുടെ തന്ത്രപരമായ നീക്കങ്ങൾ.
ആദ്യം രാഹുൽ ഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി. ഏറെ പ്രയാസപ്പെട്ട് ബാരിക്കേഡിന് മുകളിൽ കയറിയ അദ്ദേഹം സമരാനുകൂലികളെ ദേശീയ പതാകയുമേന്തി അഭിവാദ്യം ചെയ്തു. നിരത്തിവെച്ച അഞ്ച് ബാരിക്കേഡുകൾക്ക് മുകളിലേക്കാണ് ആവേശത്തോടെ രാഹുൽ ചാടിക്കയറിയത്. ഇതിന് പിന്നാലെ നിരവധി പേരും ബാരിക്കേഡിന് മുകളിലെത്തി.
നിലവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ആകാശവാണി ഭവനിലാണ് കഴിയുന്നത്. തങ്ങളെ ഇലക്ഷൻ കമീഷണറുടെ ആസ്ഥാനത്തേക്ക് പോകാൻ അനുവദിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
രാവിലെ 10.30ന് ആണ് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘സേവ് ഡെമോക്രസി’ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
മാർച്ച് ആരംഭിച്ചതിന് പിന്നാലെ പൊലീസ് എം.പിമാരെ തടഞ്ഞു. എം.പിമാരായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.എ. റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 150 ലധികം എം.പിമാരാണ് മാർച്ചിൽ അണിനിരക്കുന്നത്. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പ്രതിഷേധം.
മാർച്ച് സമാധാനപരമായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മാർച്ച് തടയരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മാർച്ചുമായി ബന്ധപ്പെട്ട ഡൽഹിയിൽ കേന്ദ്രം സുരക്ഷ ശക്തമാക്കിയിരുന്നു. പാർലമെന്റ് സ്ട്രീറ്റ്, തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനം, ജന്തർ മന്തർ, ആകാശവാണി തുടങ്ങിയ മേഖലകളിൽ പൊലീസ്, റാപിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തു.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിലുള്ള മാർച്ചിൽ ആം ആദ്മി പാർട്ടി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. എസ്.ഐ.ആർ വിഷയത്തിൽ തങ്ങൾ സ്വന്തം നിലയിൽ പ്രതിഷേധം തുടരുകയാണെന്നും ഇത് ജനകീയ വിഷയമായാണ് കാണുന്നതെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. സെപ്റ്റംബർ 30ന് നടന്ന 19 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും എ.എ.പിയും ഡി.എം.കെയും പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.